കെഎസ്‌ആര്‍ടിസിയില്‍ ഡീസല്‍ പ്രതിസന്ധി രൂക്ഷം ; ദീര്‍ഘദൂര – അന്തര്‍ സംസ്ഥാന ബസുകളടക്കം നിരവധി ട്രിപ്പുകള്‍ മുടങ്ങി : യാത്രക്കാർ ദുരിതത്തിൽ
കൽപ്പറ്റ : കെ.എസ്.ആര്‍.ടി.സിയില്‍ ഡീസല്‍ പ്രതിസന്ധി രൂക്ഷം. കോഴിക്കോട്, വയനാട് ജില്ലകളിലെ ഡിപ്പോ ഉള്‍പ്പെടെ ഡീസല്‍ തീര്‍ന്നിരിക്കുകയാണ്. ദീര്‍ഘദൂര – അന്തര്‍ സംസ്ഥാന ബസ്സുകളടക്കം ഇന്ധന ക്ഷാമത്തെ തുടര്‍ന്ന് സര്‍വീസ് നടത്താനാകാതെ ബുദ്ധിമുട്ടിലാണ്. അല്പ സമയത്തിനുള്ളില്‍ തന്നെ ഡീസല്‍ എത്തുമെന്ന് ഡിപ്പോ അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ എത്രത്തോളും ഉറപ്പ് പറയാനാകുമെന്നതിലും അധികൃതര്‍ക്കും വ്യക്തതയില്ല.
താമരശ്ശേരിയിലും അടിവാരത്തുമൊക്കെ ഡീസല്‍ പ്രതിസന്ധിയുണ്ടെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. നിലവില്‍ സര്‍വീസുകളൊന്നും റദ്ദാക്കിയിട്ടില്ലെന്ന് കെഎസ്‌ആര്‍ടിസി പറയുന്നുണ്ട്. മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പോ ആയ കോഴിക്കോട് ‘ഡീസല്‍ ഇല്ല’ ബോര്‍ഡ് ഉയര്‍ന്നു കഴിഞ്ഞു. ബംഗളുരു, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കുറ്റ്യാടി, കണ്ണൂര്‍, കാസര്‍കോട് ട്രിപ്പുകള്‍ മുടങ്ങിയിട്ടുണ്ട്.
ഇലക്‌ട്രിക് ബസ് റോഡിലിറക്കി പരീക്ഷണം നടത്തുന്ന സര്‍ക്കാരിന് ഡീസല്‍ വണ്ടികളോട് താല്‍പര്യമില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. സ്വകാര്യ പമ്പുകളില്‍ നിന്നും ഡീസലടിക്കുന്നതിന് കെഎസ്‌ആര്‍ടിസിക്ക് അനുമതിയില്ല. അതിനാല്‍ റിസര്‍വേഷന്‍ ചെയ്ത അന്തര്‍ സംസ്ഥാന ദീര്‍ഘദൂര യാത്രക്കാരും,ബസ് ജീവനക്കാരും ബുദ്ധിമുട്ട് നേരിടുകയാണ്. റിസര്‍വേഷന്‍ ചെയ്ത യാത്രക്കാരുമായെത്തിയ കെഎസ്‌ആര്‍ടിസി ബസുകളും ഇന്ധന ക്ഷാമത്തെ തുടര്‍ന്ന് വലയുന്ന സ്ഥിതിയിലാണ്.