കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റില്‍ പാകിസ്താനെ തകർത്ത് ഇന്ത്യയുടെ പെൺപുലികൾ
കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് ജയം. 38 ബോള്‍ ബാക്കിനില്‍ക്കെ 8 വിക്കറ്റിനാണ് പാകിസ്താനെ പരാജയപ്പെടുത്തിയത്. അര്‍ദ്ധ സെഞ്ചുറി നേടിയ ഓപ്പണര്‍ സ്മൃതി മന്ദാനയുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ജയം അനായാസമാക്കിയത്. 42 പന്തില്‍ 63 റണ്‍സ് നേടിയ എട്ട് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നിംഗ്‌സ്. ഷഫാലി വര്‍മ്മ ഒൻപത് പന്തില്‍ രണ്ട് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 16 റണ്‍സ് നേടി. സബ്ബിനേനി മേഘന 16 പന്തില്‍ 14 റണ്‍സെടുത്ത് പുറത്തായി. പാകിസ്താനായി ഒമൈമ സൊഹൈല്‍, തുബ ഹസ്സന്‍ ഓരോ വിക്കറ്റ് വീതം നേടി.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 18 ഓവറില്‍ 99 റണ്‍സാണ് എടുത്തത്. പാകിസ്താനായി മുനീബാ അലി 30 പന്തില്‍ 32 റണ്‍സ് നേടി. മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. മുനീബാ അലിയെ സ്‌നേഹാ റാണ സ്വന്തം ബോളില്‍ ക്യാച്ച് എടുത്ത് പുറത്താക്കി. പാകിസ്താന്‍ ക്യാപ്റ്റന്‍ ബിസ്മ മറൂഫ് 19 പന്തില്‍ 17 റണ്‍സെടുത്ത് പുറത്തായി. റണ്‍സ് കണ്ടെത്തുന്നതില്‍ പാക്ക് മധ്യ നിര പരാജയപ്പെട്ടു.
ഇന്ത്യക്കായി സ്‌നേഹ റാണ നാല് ഓവറില്‍ 15 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍, രാധാ യാദവ് മുന്ന് ഓവരില്‍ 18 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി. രേണുക സിംഗ്, മേഘന സിംഗ്, ഷഫാലി വര്‍മ, എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ടോസ് നേടിയ പാകിസ്ഥാന്‍ ബിസ്മ മറൂഫ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മഴ കാരണം വൈകിയാണ് മത്സരം ആരംഭിച്ചത്. മഴയെ തുടര്‍ന്ന് 18 ഓവറായി കളി ചുരുക്കിയിരുന്നു.
വിജയത്തോടെ ശക്തമായ തിരിച്ചുവരവാണ് ഇന്ത്യയുടെത്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയോട് പരാജയപ്പെട്ടിരുന്നു. ഓഗസ്റ്റ് മൂന്നിന് ബാര്‍ബഡോസിനേതിരെയാണ് വനിതകളുടെ അടുത്ത മത്സരം. ടി20 റാങ്കിങ്ങില്‍ 260 പോയിന്റുമായി നാലാം സ്ഥാനത്താണ് ഇന്ത്യ. ഏഴാം സ്ഥാനത്താണ് പാകിസ്താന്‍. ഓസ്‌ട്രേലിയയാണ് ഒന്നാമത്.