പുല്‍പ്പള്ളിയിലെ കടുവ ശല്യത്തിന് പരിഹാരം വേണം ; കർഷകർ ചെതലയം റേഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
പുല്‍പ്പള്ളി: പുല്‍പ്പള്ളി ചേപ്പില, കളനാടിക്കൊല്ലി, കേളക്കവല പ്രദേശത്തെ കടുവ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചെതലയം റേഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
മൂന്ന് ആഴ്ചയായിട്ടും പ്രദേശത്തെ കടുവ ശല്യത്തിന് പരിഹാരം കാണാത്ത വനം വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ചില്‍ കുട്ടികളും അമ്മമാരും അടക്കം നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു.
പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കടുവ ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടിയുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭന സുകു അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്തംഗങ്ങളായ എം.ഡി.കരുണാകരന്‍, രാജു തോണിക്കടവ്, അനില്‍ സി. കുമാര്‍, ബാബു കണ്ടത്തിന്‍ ക്കര, ജോഷി ചാരുവേലില്‍, ജോമറ്റ്, അനില്‍ മോന്‍, മാത്യു മത്തായി ആതിര, വിജയന്‍ കുടിലില്‍, സണ്ണി തോമസ്, മനോജ് ഇല്ലിക്കല്‍ എന്നിവര്‍ സംസാരിച്ചു.