കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിലെ ദുരവസ്ഥയ്ക്ക് പരിഹാരം ; ഓഗസ്റ്റ് 1 മുതൽ ബസുകളുടെ സ്ഥല ക്രമീകരണത്തിനൊപ്പം രാത്രിയിൽ ആവശ്യത്തിന് വെളിച്ചവും എത്തും
കൽപ്പറ്റ : പുതിയ ബസ് സ്റ്റാൻഡിൽ ഓഗസ്റ്റ് 1 മുതൽ ബസുകളുടെ സ്ഥല ക്രമീകരണത്തിനൊപ്പം രാത്രിയിൽ ആവശ്യത്തിന് വെളിച്ചവും എത്തും. ഇതു സംബന്ധിച്ച് ബി.ഒ.ടി അധികൃതരുമായി നടത്തിയ ചർച്ചയിലാണ് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനമായത്. ഇളകി കിടക്കുന്ന നിലത്ത് പാകിയ കട്ടകൾ മാറ്റി സ്ഥാപിക്കുകയും യാത്രക്കാർക്ക് കാണുന്ന വിധത്തിൽ ബസുകൾ പോകുന്ന സ്ഥല നാമങ്ങളുടെ ബോർഡുകൾ താഴ്ത്തി സ്ഥാപിക്കുകയും ചെയ്യും.
സ്റ്റാൻഡിൽ ബസുകൾ യഥാസ്ഥാനത്ത് നിർത്തുന്നില്ലെന്ന യാത്രക്കാരുടെ പരാതിയെ തുടർന്ന് അധികൃതർ ഇടപെട്ടാണ് എല്ലാ ബസുകളും കർശനമായി സ്ഥല ക്രമീകരണം പാലിക്കണമെന്ന് നിർദേശം നൽകിയത്. നഗരസഭ അധികൃതർ വിളിച്ചു ചേർത്ത പൊലീസ്, ആർടിഒ, കെഎസ്ആർടിസി, സ്വകാര്യ ബസ് സംഘടനാ പ്രതിനിധികളുടെ യോഗത്തിലായിരുന്നു തീരുമാനം.
തുടർന്ന് 25 മുതൽ കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ സ്ഥല ക്രമീകരണം പാലിച്ചു തുടങ്ങിയിരുന്നു. സ്റ്റാൻഡിൽ അകത്ത് നിന്നാൽ ഏതു ഭാഗത്തേക്കുമുള്ള ബസ്സിൽ കയറാനുള്ള സൗകര്യത്തിനനുസരിച്ചാണ് ബസുകൾ നിർത്തിയിടുന്നത്. സന്ധ്യ കഴിഞ്ഞാൽ കെഎസ്ആർടിസി ബസുകൾ സ്റ്റാൻഡിൽ കയറുന്നില്ലെന്ന പരാതി ഉണ്ടായിരുന്നു. സ്റ്റാൻഡിൽ വെളിച്ചക്കുറവായിരുന്നു ഇതിന് കാരണമായി പറഞ്ഞിരുന്നത്. ബിഒടി അധികൃതരുമായി നടത്തിയ ചർച്ചയിൽ സ്റ്റാൻഡിന് ഉള്ളിൽ വെളിച്ചം ആവശ്യമുള്ളിടത്ത് ലൈറ്റുകൾ സ്ഥാപിക്കാനും തീരുമാനമായി.