പുളിയാര്‍മലയിലുണ്ടായ വാഹനാപകടത്തില്‍ കാല്‍ നഷ്ടമായ യുവാവിന് ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി
കല്‍പ്പറ്റ: വാഹനാപകടത്തില്‍ കാല്‍ നഷ്ടമായ യുവാവിന് ഒന്നരക്കോടി രൂപ നഷ്ടപരിഹാരം. കല്‍പറ്റ പുളിയാര്‍മല സ്വദേശിയും നര്‍ത്തകനുമായ സ്വരൂപ് ജനാര്‍ദനന് ഒന്നര കോടി രൂപ നല്‍കണമെന്ന് വയനാട് വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണല്‍ ജഡ്ജി എസ്.കെ.അനില്‍കുമാര്‍.
വയനാട് വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലില്‍ നിന്ന് വിധിച്ച നഷ്ടപരിഹാരങ്ങളില്‍ ഏറ്റവും വലിയ തുകയിലൊന്നാണിത്.
2020 ഫെബ്രുവരി എട്ടിന് പുളിയാര്‍മലയിലുണ്ടായ വാഹനാപകടത്തിലാണ് സ്വരൂപിന് പരിക്കേറ്റത്. സ്വരൂപ് സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ചായിരുന്നു അപകടം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും കോയമ്പത്തൂരിലും ചികിത്സിച്ചെങ്കിലും വലതുകാല്‍ നഷ്ടമായി. നഷ്ടപരിഹാരമായി 1,24,42,200 രൂപയും പലിശയും, കേസ് നടത്തിപ്പ് ചെലവുമുള്‍പ്പടെ 1,52,65,127 രൂപ സ്വരൂപിന് ഇന്‍ഷുറന്‍സ് കമ്പനി നല്‍കണം. പരാതിക്കാരനു വേണ്ടി അഡ്വ. സാബു ജോണ്‍ ഓലിക്കല്‍ ഹാജരായി.