വയനാട് മെഡിക്കല്‍ കോളേജിലെ നഴ്‌സിനെ ചവിട്ടി പരിക്കേല്‍പ്പിച്ച സംഭവം ; പ്രതി റിമാൻഡിൽ
മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സതേടിയെത്തിയ രോഗി നഴ്‌സിനെ ചവിട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയെ കോടതി റിമാന്റ് ചെയ്തു. നല്ലൂര്‍നാട് കമ്മന പ്രെയ്സ് കോട്ടജ് ജോഷ്വാ ജോയി (21) നെയാണ് കോടതി റിമാൻഡ് ചെയ്തത്.
ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സായ വി.ബി നിത്യയെയാണ് പ്രതി ചവിട്ടി പരിക്കേല്‍പ്പിച്ചത്. ജൂലൈ 25 ന് രാത്രി പത്ത് മണിക്ക് അത്യാഹിത വിഭാഗത്തില്‍ വെച്ചായിരുന്നു സംഭവം. പനി ബാധിച്ചെത്തിയ രോഗിക്ക് കുത്തിവെപ്പെടുക്കാന്‍ ശ്രമിക്കുമ്പോള്‍ തനിക്ക് ആവി പിടിച്ചാല്‍ മതിയെന്ന് പറഞ്ഞ് രോഗി നെഴ്‌സിനെ ചവിട്ടിയതെന്നാണ് പരാതി. സംഭവത്തില്‍ നെഴ്‌സിന്റെ കൈക്ക് പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതിനും, സ്ത്രീത്വത്തിന് മാനഹാനി വരുത്തിയതിനും, ആശുപത്രി സംരക്ഷണ നിയമ പ്രകാരവുമാണ് പ്രതിക്കെതിരെ കേസെടുത്തത്.
സംഭവ ശേഷം ഒളിവിലായിരുന്ന ഇയാള്‍ ഇന്ന് രാവിലെ കോടതിക്ക് മുമ്പാകെ ഹാജരാവുകയായിരുന്നു. അന്വേഷണ ഭാഗമായി പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പോലീസ് ആവശ്യത്തിന്റെ പശ്ചാത്തലത്തില്‍ കോടതി പ്രതിയെ റിമാണ്ട് ചെയ്യുകയായിരുന്നു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ അടുത്ത ദിവസം കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് പോലീസ് വ്യക്തമാക്കി.