September 22, 2024

ശ്രീറാം വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ചതിൽ പ്രതിഷേധം ശക്തം ; വയനാട്ടിൽ കളക്ട്രേറ്റ് മാർച്ച് 30 ന്

1 min read
Share



കൽപ്പറ്റ : മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്റെ കൊലപാതകത്തിൽ കുറ്റാരോപിതനായ ഐ.എ.എസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലയുടെ കളക്ടറായി നിയമനം നൽകിയ നടപടിയിൽ പ്രതിഷേധിച്ച് കേരള മുസ്ലിം ജമാഅത്ത് എസ്.വൈ.എസ്., എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 30 ന് കളക്ട്രേറ്റ് മാർച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംസ്ഥാനവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് വയനാട്ടിലും കളക്ടറേറ്റ് മാർച്ച്‌ സങ്കടിപ്പിക്കപ്പെടുന്നത്.

ഇരയ്ക്കൊപ്പമല്ല വേട്ടക്കാരനൊപ്പമാണ് തങ്ങളെന്ന പ്രഖ്യാപനമാണ് ഈ നിയമന നടപടിയിലൂടെ ഇടത് പക്ഷ സർക്കാർ നടത്തിയിരിക്കുന്നത്. ഒരു ഭാഗത്ത് അനീതിക്കും അധികാര ദുർവിനിയോഗത്തിനുമെതിരെ ശബ്ദിക്കുകയും മറുഭാഗത്ത് അത്തരം അധാർമികതകളെ സഹായിക്കുകയും ചെയ്യുന്ന തരംതാണ രാഷ്ട്രീയ സംസ്കാരത്തിലേക്ക് ഇടത് പക്ഷവും വീഴുന്നുവെന്നതിന്റെ ദൃഷ്ടാന്തമാകുകയാണ് ഇത്തരം നടപടികളെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.

കളങ്കിതനായ വ്യക്തിയെ കോടതി വിധി വരുന്നതുവരെയെങ്കിലും നിർണായക പദവികളിൽ നിന്ന് അകറ്റിനിർത്തി മാന്യത കാണിക്കേണ്ട സർക്കാർ കുറ്റാരോപിതനെ പ്രധാന തസ്തികയിൽ പ്രതിഷ്ഠിച്ച് ബ്യൂറോക്രാറ്റുകളെ സുഖിപ്പിക്കുകയാണ് ചെയ്യുന്നത്.

സാധാരണക്കാർക്കൊപ്പമല്ല സ്വാധീനമുള്ളവരുടെ കൂടെയാണ് തങ്ങളെന്ന് തെളിയിക്കുകയാണ് സർക്കാർ ഇതിലൂടെ ചെയ്യുന്നത്. ഒരു കൊലക്കേസ് പ്രതിക്ക് ആദരവ് നൽകുന്ന നടപടിയിലൂടെ കേരള ജനതയുടെ പ്രബുദ്ധതയെയാണ് സർക്കാർ പരിഹസിക്കുന്നത്. തീ കൊള്ളി കൊണ്ട് തല ചൊറിയുന്ന സർക്കാർ അവിവേകത്തിന് തിരുത്തലുകൾ സംഭവിച്ചില്ലെങ്കിൽ ജനാധിപത്യ കേരളത്തിന്റെ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരും. വലിയ വില നൽകേണ്ടിവരും.

ഇടതുപക്ഷത്തിന് ഹൃദയമുണ്ടെങ്കിൽ കെ.എം ബഷീർ കേസിലെ പ്രതിയെ കളക്ടർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം. മുട്ടാ പോക്ക് ന്യായം പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ അപഹസിക്കരുത്. ഈ നീതി നിഷേധത്തിനെതിരെ സമൂഹമൊന്നടങ്കം പ്രതികരിക്കുകയാണ്.

കേരള മുസ്ലിം ജമാഅത്ത് ജൂലൈ 30 ന് സംഘടിപ്പിക്കുന്ന കളക്ട്രേറ്റ് മാർച്ച് പ്രതിഷേധത്തീയായി മാറും. എല്ലാ പ്രവർത്തകരും, നീതി പുലരണമെന്നാഗ്രഹിക്കുന്നവരും പങ്കെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.