September 21, 2024

വിടവാങ്ങിയത് 1973 മുതൽ വയനാട്ടിൽ സി.പി.ഐ.എമ്മിന് കരുത്തേകിയ നേതാവ്

1 min read
Share

വിടവാങ്ങിയത് 1973 മുതൽ വയനാട്ടിൽ സി.പി.ഐ.എമ്മിന് കരുത്തേകിയ നേതാവ്

വൈത്തിരി: വയനാട്ടിൽ സി.പി.ഐ.എം ജില്ലാ കമ്മിറ്റി രൂപീകരിച്ചതു മതൽ ജില്ലാ സെക്രട്ടറിയറ്റംഗവും ജില്ലയുടെ രൂപീകരണത്തിന്‌ ശേഷം കാൽനൂറ്റാണ്ടുകാലം ജില്ലാ സെക്രട്ടറിയുമായിരുന്ന പി.എ മുഹമ്മദ്‌ (84) അന്തരിച്ചു. വൈത്തിരി ചേലോട്‌ ഗുഡ്‌ഷെപ്പേർഡ്‌ ആശുപത്രിയിൽ വെള്ളിയാഴ്‌ച പകൽ 11.30 ഓടെയായിരുന്നു അന്ത്യം.

നേരിയതോതിലുള്ള പക്ഷാഘാതത്തെ തുടർന്ന്‌ ഒരുമാസമായി ചികിത്സയിലായിരുന്നു. വ്യാഴാഴ്‌ച രാത്രി രോഗം മൂർച്ചിച്ചതിനെ തുടർന്ന്‌ വീട്ടിൽ നിന്ന്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോവുകയായിരുന്നു.

1973 ൽ സി.പി.ഐ.എം വയനാട്‌ ജില്ലാ കമ്മിറ്റി രൂപീകരിച്ചപ്പോൾ മുതൽ സെക്രട്ടറിയറ്റംഗമായി പ്രവർത്തിച്ച പി.എ കാൽ നൂറ്റാണ്ട്‌ കാലം ജില്ലാ സെക്രട്ടറിയായി പാർട്ടിയെ നയിച്ചു. സി.പി.ഐ.എം സംസ്ഥാന കമ്മറ്റി അംഗം , സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്, വൈത്തിരി പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്ക്‌ പ്രസിഡന്റ്‌, മേപ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ , ദേശാഭിമാനി ഡയറക്ടർ ബോർഡംഗം എന്നിങ്ങനെ വ്യത്യസ്‌ത മേഖലകളിൽ സംഘാടകനായും സഹകാരിയായും നേതൃപാടവും പ്രകടിപ്പിച്ചു.

കണിയാമ്പറ്റ പന്തനംകുന്നൻ ആലിക്കുട്ടിയുടേയും കുഞ്ഞാമിയുടെയും മകനായി 1937 ലാണ് പി.എ മുഹമ്മദ്‌ ജനിച്ചത്‌. കണിയാമ്പറ്റ മലബാർ ഡിസ്‌ട്രിക്ട്‌ ബോർഡ്‌ ഹയർസെക്കൻഡറി സ്‌കൂൾ, കൽപ്പറ്റ എസ്‌.കെ.എം.ജെ സ്‌കൂൾ, എന്നിവിടങ്ങളിലായിരുന്നു പഠനം. കോഴിക്കോട്‌ മലബാർ ക്രിസ്‌ത്യൻ കോളേജിൽ പിയുസിക്ക്‌ ചേർന്നെങ്കിലും സാമ്പത്തിക പരാധീനത കാരണം പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.

സ്‌കുൾ പഠനകാലം മുതൽ തന്നെ കമ്യൂണിസ്‌റ്റ്‌ ആശയങ്ങളിൽ ആകൃഷ്‌ടനായിരുന്ന പി.എക്ക്‌ മടക്കിമല സർവീസ്‌ സഹകരണബാങ്കിൽ ജോലി കിട്ടിയെങ്കിലും കമ്യൂണിസ്‌റ്റ്‌കാരനായതിനാൽ പിരിച്ചുവിട്ടു. രാഷ്‌ട്രീയ പ്രവർത്തനം നടത്തിയതിന്റെ പേരിൽ വീട്ടിൽ നിന്നും പിതാവ് ഇറക്കി വിട്ടതും ഇക്കാലത്ത്‌. വീട്‌ വിട്ടിറങ്ങേണ്ടി വന്നപ്പോഴും കമ്യൂണിസ്‌റ്റ്‌ ആശയങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രചോദനം.

ജില്ലയിലെത്തിയ കമ്യൂണിസ്റ്റ്‌ നേതാക്കളുമായുള്ള സഹവാസവും പരന്ന വായനയും പി.എയിലെ പേരാട്ട വീര്യത്തിന്‌ ഉർജം പകർന്നു. 1958ൽ പാർട്ടി അംഗത്വം ലഭിച്ച പി.എ കർഷക സംഘം വില്ലേജ്‌ ജോ. സെക്രട്ടറിയായണ്‌ പ്രവർത്തനം തുടങ്ങിയത്‌. 1973ൽ സി.പി.ഐ.എം വയനാട്‌ ജില്ലാ കമ്മിറ്റി രൂപീകരിച്ചപ്പോൾ സെക്രട്ടറിയറ്റംഗമായി. 1982 മുതൽ 2007 വരെ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മറ്റി അംഗവുമായി. 2017ൽ ആരോഗ്യപരമായ കാരണങ്ങളാൽ ഒഴിവാകും വരെ സംസ്ഥാന സമിതി അംഗമായിരുന്നു. അടിയന്തരാവസ്ഥ കാലത്തും തൊഴിലാളികളുടേയും കർഷകരുടേയും അവകാശപ്പോരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകിയതിന്റെ പേരിലും നിരവധി തവണ ജയിൽ വാസം അനുഭവിച്ചു.

ഭാര്യ: പരേതയായ നബീസ. മക്കൾ: നിഷാദ്‌ (കെ.എസ്‌.ഇ.ബി കോൺട്രാക്ടർ ), നെരൂദ (എൻജിനിയർ, കെ.എസ്‌.ഇ.ബി), സലിം (പരേതൻ). മരുമക്കൾ: ഹാജ്‌റ (എസ്‌.എസ്‌.എ ഓഫീസ്‌ ), സീന, മിസ്‌രി. സഹോദരങ്ങൾ: സെയ്‌ദ്‌, ഹംസ, ആസ്യ, നബീസ, കുഞ്ഞിപ്പാത്തുമ്മ, പരേതനായ ബീരാൻ.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.