November 18, 2026

അരിവില പിടിച്ചുകെട്ടാൻ കേന്ദ്രം ; ‘ഭാരത് റൈസ്’ വീണ്ടും എത്തുന്നു : കേരളത്തില്‍ വിതരണം ഈ ആഴ്ച തന്നെ ഉണ്ടാകും

Share

 

പൊതുവിപണിയിലെ അരിവിലക്കയറ്റം നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ ‘ഭാരത് റൈസ്’ വീണ്ടും വിപണിയിലെത്തുന്നു. ഈ ആഴ്ച തന്നെ കേരളത്തില്‍ ഭാരത് റൈസിന്റെ സ്റ്റോക്ക് എത്തുമെന്നാണ് വിവരം.

 

കിലോഗ്രാമിന് 36 രൂപ നിരക്കില്‍ എല്ലാ ഇനം അരിയും വില്‍ക്കാനാണ് ഇത്തവണ നിർദ്ദേശം നല്‍കിയിരിക്കുന്നത്. എല്ലാ ഇനം അരിയും കിലോയ്ക്ക് 36 രൂപയ്ക്ക് വില്‍ക്കണം.

 

5 കിലോഗ്രാം, 10 കിലോഗ്രാം പായ്ക്കറ്റുകളിലായിരിക്കും വിതരണം. ഏത് ഇനം അരി വില്‍ക്കണമെന്നത് വിതരണ ഏജൻസികള്‍ക്ക് തീരുമാനിക്കാം.

നാഫെഡ്, എൻ.സി.സി.എഫ് കേന്ദ്രീയ ഭണ്ഡാർ എന്നിവയ്ക്കാണ് വിതരണ ചുമതല.

 

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ വിതരണം കൂടുതല്‍ വ്യാപകമാക്കാൻ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.ഇതിന്റെ ഭാഗമായി പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതിനൊപ്പം വിതരണം ആരംഭിക്കാൻ ഏജൻസികള്‍ തീരുമാനിച്ചിട്ടുണ്ട്.

 

2024 ഫെബ്രുവരി ആറിനാണ് സംസ്ഥാനത്ത് ആദ്യമായി ഭാരത് റൈസ് വിപണനം ആരംഭിച്ചത്. അന്ന് എൻ.സി.സി.എഫായിരുന്നു വിതരണം വ്യാപകമായി നടപ്പാക്കിയതെങ്കിലും പിന്നീട് പദ്ധതി നിലയ്ക്കുകയായിരുന്നു.

 

ഖാരിഫ് സീസണിലെ നെല്ലുല്‍പ്പാദനത്തിലുണ്ടായ കുറവും ക്രമരഹിതമായ മഴയും കാരണം രാജ്യത്ത് അരിവില കുത്തനെ ഉയർന്നിരുന്നു.

 

2026 സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം ചില്ലറ വിപണിയിലെ അരിവില പണപ്പെരുപ്പം 8.25 ശതമാനമായി ഉയരുകയും ശരാശരി വില കിലോയ്ക്ക് 48.23 രൂപയിലെത്തുകയും ചെയ്തിരുന്നു.ഈ സാഹചര്യത്തിലാണ് ഭാരത് റൈസ് പുനരാരംഭിക്കുന്നതിനൊപ്പം മറ്റ് കർശന നടപടികളും കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്.

 

2026-27 വർഷത്തേക്കുള്ള അരി വില്‍പ്പന ലക്ഷ്യം 2.5 ദശലക്ഷം ടണ്ണില്‍ നിന്നും ഇരട്ടിയാക്കി 5 ദശലക്ഷം ടണ്ണായി ഉയർത്തി.

 

പൂഴ്ത്തിവയ്പ്പും അമിത വിലക്കയറ്റവും തടയാൻ കേരളം ഉള്‍പ്പെടെയുള്ള അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്‍ക്ക് 2027 ജനുവരി 31 വരെ അരിക്കും നെല്ലിനും സ്റ്റോക്ക് പരിധി ഏർപ്പെടുത്താൻ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്.


Share
Copyright © All rights reserved. | Newsphere by AF themes.