October 22, 2026

ഐഫോണ്‍ വാങ്ങാൻ ഇനി പരിധി ; ഒരാള്‍ക്ക് ഓണ്‍ലൈൻ വഴി സ്വന്തമാക്കാനാകുക പരമാവധി രണ്ട് ഫോണുകള്‍

Share

 

ഇന്ത്യയില്‍ ഓണ്‍ലൈൻ ഐഫോണ്‍ വില്‍പ്പനയ്ക്ക് നിയന്ത്രണമേർപ്പെടുത്തി ആപ്പിള്‍. കമ്പനിയുടെ ഓണ്‍ലൈൻ സ്റ്റോർ വഴി ഒരാള്‍ക്ക് എല്ലാ മോഡലുകളും ചേർത്ത് പരമാവധി രണ്ട് ഐഫോണുകള്‍ മാത്രമേ വാങ്ങാനാകൂ. ഒരേ മോഡലിലുള്ള രണ്ട് ഫോണുകളോ വ്യത്യസ്ത മോഡലുകളിലുള്ള രണ്ട് ഫോണുകളോ വാങ്ങാം. എന്നാല്‍ രണ്ടില്‍ കൂടുതല്‍ ഫോണുകള്‍ ഉള്‍പ്പെടുത്തിയുള്ള ഓർഡറുകള്‍ സ്റ്റോർ അനുവദിക്കില്ല. നിയന്ത്രണം ഏർപ്പെടുത്തിയതിന്റെ കാരണം ആപ്പിള്‍ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

 

പുനർവില്‍പ്പന ലക്ഷ്യമിട്ട് വ്യാപാരികള്‍ വൻതോതില്‍ ഫോണുകള്‍ വാങ്ങുന്നത് തടയാനും പുതിയ മോഡലുകള്‍ പുറത്തിറങ്ങുമ്പോള്‍ സാധാരണ ഉപഭോക്താക്കള്‍ക്ക് ഫോണുകള്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടാകാം നിയന്ത്രണമെന്നാണ് വിലയിരുത്തല്‍. ഇതിന് മുമ്പും സമാനമായ നടപടി ആപ്പിള്‍ സ്വീകരിച്ചിട്ടുണ്ട്.

 

2007-ല്‍ ആദ്യ ഐഫോണ്‍ പുറത്തിറക്കിയപ്പോഴും പുനർവില്‍പ്പന നിരുത്സാഹപ്പെടുത്തുന്നതിനായി ഒരാള്‍ക്ക് രണ്ട് ഫോണുകള്‍ മാത്രമാണ് വാങ്ങാൻ കമ്പനി അനുമതി നല്‍കിയിരുന്നത്. ഐഫോണ്‍ ഡ്യുവോയ്ക്ക് വിപണിയില്‍ വലിയ ആവശ്യകതയുണ്ടെന്ന റിപ്പോർട്ടുകള്‍ക്കിടെയാണ് പുതിയ നിയന്ത്രണം ശ്രദ്ധേയമാകുന്നത്.

 

ഈ മാസം 23-ന് ഫോണ്‍ റീട്ടെയില്‍ വിപണിയിലെത്താനിരിക്കെ 16-നാണ് പ്രീ-ഓർഡറുകള്‍ ആരംഭിച്ചത്. ബുക്കിങ് തുടങ്ങി അധികം വൈകാതെ തന്നെ ഫോണ്‍ ലഭിക്കാനുള്ള കാത്തിരിപ്പ് സമയം ജനുവരി വരെ നീണ്ടതായും റിപ്പോർട്ടുകളുണ്ട്. മുൻകൂട്ടിയുള്ള ബുക്കിങ്ങിലെ ഈ വർധന ഫോണിനുള്ള ഉയർന്ന ആവശ്യകതയുടെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.