പഹല്‍ഗാം ഭീകരാക്രമണം: അവസാന സൂത്രധാരനെയും വധിച്ച് ഇന്ത്യൻ സൈന്യം, ലഷ്കര്‍ കൊടുംഭീകരൻ മൂസയെ ബദ്ഗാമില്‍ വെച്ച് വധിച്ചു
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും ഇന്ത്യൻ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ ബദ്ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്കർ കൊടുംഭീകരൻ മൂസയെ ആണ് സൈന്യം വധിച്ചത്. ഇന്നലെ രാത്രിയോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ബദ്ഗാം ജില്ലയില്‍ ഉള്‍പ്പെടുന്ന സ്ഥലത്തായിരുന്നു ഓപ്പറേഷൻ ആരംഭിച്ചതെന്ന് സുരക്ഷാസേന വ്യക്തമാക്കുന്നു. പുലർച്ചെയോട് കൂടിയാണ് ഒരു ഭീകരനെ വധിച്ചതെന്ന് സുരക്ഷാസേന സ്ഥിരീകരിക്കുന്നുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തിലെ നാല് ഭീകരരുടെ ചിത്രങ്ങളാണ് പുറത്തുവന്നിരുന്നത്. അവരില്‍ ആദ്യ രണ്ട് ഭീകരരെ ഓപ്പറേഷൻ മഹാദേവയിലൂടെ സുരക്ഷാ സേന വധിച്ചിരുന്നു. പിന്നീട് ബദ്ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരാളെക്കൂടി വധിച്ചിരുന്നു. നാലാമനെ മാത്രം സുരക്ഷാസേനയക്ക് കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ഇന്നലെ രാത്രി മുതല്‍ പുലർച്ചെ വരെ നടന്ന ഏറ്റുമുട്ടലില്‍ ലഷ്കര്‍ കൊടുംഭീകരൻ മൂസയെ സുരക്ഷാസൈന്യം വധിച്ചത്.
2022 മുതല്‍ കശ്മീർ മേഖലയില്‍ വിവിധ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഭീകരനാണ് മൂസ. ഇയാളെ വധിച്ചതായി ബദ്ഗാം എസ് എസ് പിയായ മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ കെ കെ ഹരിപ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു. മറ്റു നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇയാളെ വധിച്ചത് ജമ്മുകശ്മീർ പോലീസ് ഉള്‍പ്പെടെ സുരക്ഷാസേനയ്ക്ക് വലിയ നേട്ടം ആണെന്നും ഹരിപ്രസാദ് ഐപിഎസ് പ്രതികരിച്ചു.
