September 3, 2026

ചെറുകിട വ്യാപാരികള്‍ക്ക് ‘ഡിജിറ്റല്‍ പൂട്ട്’; സെപ്റ്റംബര്‍ 15 നിര്‍ണായകം

Share

 

രാജ്യത്തെ ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികള്‍ ആശങ്കയില്‍. യുപിഐ പേയ്മെന്റുകള്‍ക്ക് മുന്നില്‍ പുതിയ പ്രതിസന്ധി. RBI നിർദേശിച്ച മർച്ചന്റ് re-KYC പൂർത്തിയാക്കാനുള്ള അവസാന തിയതി 2026 സെപ്റ്റംബർ 15 അടുത്തെത്തിയതോടെയാണ് ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്ത് ആശങ്ക ശക്തമാകുന്നത്. കൃത്യസമയത്ത് കെവൈസി പുതുക്കാത്ത പക്ഷം ചെറുകിട വ്യാപാരികളുടെ ഡിജിറ്റല്‍ ഇടപാടുകള്‍ തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

യുപിഐ ഇടപാടുകള്‍ക്കായി ക്യൂആര്‍ കോഡുകള്‍ ഉപയോഗിക്കുന്ന ചെറുകിട ഓഫ്‌ലൈന്‍ വ്യാപാരികളില്‍ 30 മുതല്‍ 35 ശതമാനം വരെ ആളുകള്‍ക്ക് സമയപരിധിക്കുള്ളില്‍ കെവൈസി പൂര്‍ത്തിയാക്കാന്‍ സാധിച്ചേക്കില്ലെന്നാണ് കണക്കാക്കുന്നത്. ഇത് കൂടാതെ ഓണ്‍ലൈന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന പത്ത് ലക്ഷത്തോളം ചെറിയ ബിസിനസ് സ്ഥാപനങ്ങളും സമയത്തിനുള്ളില്‍ രേഖകള്‍ സമര്‍പ്പിക്കാനാകാതെ പ്രതിസന്ധിയിലാകാന്‍ സാധ്യതയുണ്ട്.

 

ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍, ക്രോസ്- ബോര്‍ഡര്‍ (അതിര്‍ത്തി കടന്നുള്ള സേവനങ്ങള്‍) ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗം വ്യാപാരികള്‍ക്കും ഈ നിയമം ബാധകമാണ്. എന്നാല്‍, കോടിക്കണക്കിന് വ്യാപാരികളുടെ കെവൈസി പൂര്‍ത്തിയാകാത്തതിനെക്കുറിച്ചോ സമയപരിധിക്ക് മുന്‍പ് ഇത് എങ്ങനെ തീര്‍പ്പാക്കുമെന്നതിനെക്കുറിച്ചോ പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പുകളായ പേടിഎം , ഫോണ്‍പേ , ഗൂഗിള്‍ പേ എന്നിവ പ്രതികരിച്ചിട്ടില്ല.

 

2025 സെപ്റ്റംബറിലാണ് ആര്‍ബിഐ മാസ്റ്റര്‍ ഡയറക്ഷനുകള്‍ പുതുക്കി പരിഷ്‌കരിച്ച്‌ പുറത്തിറക്കിയത്. പേയ്‌മെന്റ് അഗ്രിഗേറ്ററുകളെ പിഎ-ഓണ്‍ലൈന്‍, പിഎ-ഫിസിക്കല്‍, പിഎ-ക്രോസ് ബോര്‍ഡര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചതും ഇതിലൂടെയാണ്. നിലവിലുള്ള എല്ലാ വ്യാപാരികളുടെയും പൂർണ്ണമായ റീ-കെവൈസി 2026 സെപ്റ്റംബര്‍ 15-നകം പൂര്‍ത്തിയാക്കണമെന്നും, അല്ലാത്തപക്ഷം അവരുടെ പണമിടപാടുകള്‍ നിര്‍ത്തിവെയ്ക്കണമെന്നുമാണ് കേന്ദ്രബാങ്കിന്റെ നിര്‍ദേശം. 2026 ജനുവരി 1 മുതല്‍ പുതുതായി ചേരുന്ന വ്യാപാരികള്‍ക്ക് പണം സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ കെവൈസി നിര്‍ബന്ധമാക്കിയിരുന്നു.

 

എന്നാല്‍ സെപ്റ്റംബർ 15 മുതല്‍ രാജ്യത്തെ UPI തന്നെ നിർത്തലാക്കും എന്നല്ല. പ്രശ്നം പ്രധാനമായും KYC പൂർത്തിയാക്കാത്ത വ്യാപരികളുടെ പണം സ്വീകരിക്കുന്നത് സംബന്ധിച്ചാണ്. പേയ്മെന്റ് അഗ്രിഗേറ്റർമാർ സമയപരിധിക്ക് മുമ്പായി പരമാവധി വ്യാപാരികളുടെ പരിശോധന പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്.

 

വ്യവസായ മേഖലയിലെ വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, സൗണ്ട്ബോക്സ് ഉപയോഗിക്കുന്ന വ്യാപാരികളില്‍ 85-90 ശതമാനം വരെ കെവൈസി നടപടികള്‍ പൂർത്തിയാക്കാൻ സാധ്യതയുണ്ട്. എന്നാല്‍ സാധാരണ ക്യുആർ കോഡ് മാത്രം ഉപയോഗിക്കുന്ന ഏറ്റവും ചെറിയ വ്യാപാരികളിലാണ് കൂടുതല്‍ ആശങ്ക.

 

രാജ്യത്തെ മൊത്തം യുപിഐ ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും വലിയ ആഘാതം ഉണ്ടാകാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. കാരണം കെവൈസി പൂർത്തിയാക്കാതെ പോകാൻ സാധ്യതയുള്ള ചെറുകിട വ്യാപാരികള്‍ മൊത്തം യുപിഐ ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും വലിയൊരു പങ്ക് വഹിക്കുന്നില്ല.

 

രാജ്യത്തെ വലിയ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തിന് ഇത് ചെറിയ പ്രശ്നമായിരിക്കാം. പക്ഷേ ഒരു ചെറിയ വ്യാപാരിയെ സംബന്ധിടത്തോളം ഇത് വലിയ പ്രതിസന്ധിയാകാം. അതിനാല്‍ യുപിഐ ക്യുആർ കോഡ് വഴി പണം സ്വീകരിക്കുന്ന വ്യാപാരികള്‍ അവരുടെ വീണ്ടും കെവൈസി പൂർത്തിയാക്കേണ്ട നടപടിയുടെ സ്ഥിതി പരിശോധിച്ച്‌, ആവശ്യമായ പരിശോധനകള്‍ സമയത്തിനകം പൂർത്തിയാക്കേണ്ടത് പ്രധാനമാണ്.


Share
Copyright © All rights reserved. | Newsphere by AF themes.