August 23, 2026

വാഹനങ്ങൾക്ക് കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട ; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

Share

 

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനുകളില്‍ കർശന നടപടിക്ക് നിർദേശിച്ച്‌ ഹൈക്കോടതി. നിയമലംഘനം നടത്തുന്ന വാഹനങ്ങളില്‍ നിന്ന് 5,000 രൂപ പിഴ ഈടാക്കാനാണ് കോടതിയുടെ ഉത്തരവ്. ഒന്നിലേറെ നിയമലംഘനങ്ങള്‍ ഉണ്ടെങ്കില്‍ ഓരോന്നിനും തനിച്ച്‌ 5,000 രൂപ വീതം പിഴ നല്‍കണമെന്നും ട്രാൻസ്‌പോർട്ട് കമ്മീഷണർ നല്‍കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി വ്യക്തമാക്കി.

 

അടൂരില്‍ പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയെന്നാരോപിച്ച്‌ രണ്ട് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത സംഭവം പരിശോധിച്ചാണ് കോടതിയുടെ നിർദേശം. ആഗസ്റ്റ് അഞ്ചിന് രാവിലെ 11.50ന് അടൂർ ജനറല്‍ ആശുപത്രിക്ക് സമീപംവെച്ചാണ് ജീപ്പിന് പിഴയിട്ടത്. ഇതിന്റെ പേരില്‍ അടൂർ എം.വി.ഡി. സ്‌ക്വാഡ് എ.എം.വി.ഐമാരായ ബി.എസ്. ലൈജു, എം. ഷമീർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. എന്നാല്‍, ഇതില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി, വാഹനത്തിന് ചുമത്തിയ പിഴ പോരെന്നും ചൂണ്ടിക്കാട്ടി.

 

വാഹനത്തില്‍ അനധികൃതമായി ലൈറ്റുകള്‍ ഘടിപ്പിച്ചിരുന്നതായി ട്രാൻസ്പോർട്ട് കമ്മീഷണറുടെ റിപ്പോർട്ടില്‍ പറഞ്ഞിരുന്നു. അതിന് 5,000 രൂപ പിഴയും പുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞതിന് 2000 രൂപ പിഴയുമാണ് ചുമത്തിയത്. ആറ് അനധികൃത ലൈറ്റുകള്‍ക്കായി ആകെ 5000 രൂപ മാത്രം പിഴ ചുമത്തിയതിലാണ് കോടതി അസന്തുഷ്ടി രേഖപ്പെടുത്തിയത്. ഒന്നിലേറെ നിയമലംഘനങ്ങള്‍ ഉണ്ടെങ്കില്‍ ഓരോന്നിനും 5000 രൂപ പിഴ നല്‍കണമെന്ന് കോടതി നിദേശിച്ചു.കോടതി നിര്‍ദ്ദേശങ്ങള്‍:

 

അനുവദനീയമായതില്‍ കൂടുതലായി ഒരു ലൈറ്റും വാഹനത്തില്‍ ഘടിപ്പിക്കരുത്. വീതിയേറിയ ടയറുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ നടപടി കർശനമാക്കണം. അതിതീവ്ര വെളിച്ചമുള്ള എല്‍ഇഡി ലൈറ്റുകള്‍, കളർ ലൈറ്റുകള്‍ എന്നിവ അനുവദനീയമല്ല. ഇത്തരം ലൈറ്റുകള്‍ കാല്‍നടക്കാരെയും മറ്റു വാഹനങ്ങളെയും അപകടത്തില്‍ ആക്കുമെന്ന് കോടതി വിലയിരുത്തി. ശബ്ദവും തീയും ഉണ്ടാകുന്ന പുകക്കുഴലുകള്‍ അപകട സാധ്യത സൃഷ്ടിക്കുന്നതാണ്. ഇത് കർശനമായി നിയന്ത്രിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

 

റോഡ് സുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന എല്ലാ മോഡിഫിക്കേഷനിലും പോലീസും എംവിഡിയും കർശന നടപടി എടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സ്വീകരിച്ച നടപടികള്‍ അടുത്ത മാസം ഏഴിന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

 

മോട്ടോർ വെഹിക്കിള്‍ റൂളില്‍ പറയുന്നതിനപ്പുറത്തേക്ക് ഒരു മോഡിഫിക്കേഷനും അനുവദിക്കാൻ കഴിയില്ല. നിയമലംഘനങ്ങള്‍ കോടതി സ്വമേധയാ പരിശോധിച്ചുകൊണ്ടാണ് നടപടി. വീതികൂടിയ ടയറുകള്‍ ഇട്ട് വാഹനം ഓടിക്കാൻ ഒരു കാരണവശാലും അനുവദിക്കരുത്. ഇത് വലിയതോതില്‍ ചെളിതെറിപ്പിക്കാനും മറ്റ് അപകടങ്ങള്‍ ഉണ്ടാക്കാനും കാരണമാകും. തീ തുപ്പുന്ന പുകക്കുഴല്‍ ഒരു കാരണവശാലും അനുവദിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. തീ തുപ്പുന്നതിനു വേണ്ടി പ്രത്യേകം പെട്രോള്‍ കിറ്റ് അടക്കം വാഹനത്തില്‍ ഘടിപ്പിക്കുന്നത് വലിയ അപകടം ഉണ്ടാക്കും. ആ വാഹനത്തിന് മാത്രമല്ല പിന്നില്‍ വരുന്നവർക്കും അപകടം സൃഷ്ടിക്കും. മോട്ടോർ വാഹന വകുപ്പിനും പോലീസിനും ഇതുസംബന്ധിച്ച്‌ കോടതി നിർദേശം നല്‍കിയിട്ടുണ്ട്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.