രണ്ട് ഗോളിന് പിന്നില്‍ നിന്ന മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് അവിശ്വസനീയ തിരിച്ചുവരവ് : ഈജിപ്തിനെ തോല്‍പ്പിച്ച് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍
ഫിഫ ലോകകപ്പ് 2026 റൗണ്ട് ഓഫ് 16 മത്സരത്തില്‍ അറ്റ്ലാന്റ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അർജന്റീന നാടകീയമായ തിരിച്ചുവരവ് നടത്തി. ഈജിപ്തിനെ 3-2ന് തോല്‍പ്പിച്ച് ക്വാർട്ടർ ഫൈനലില്‍ പ്രവേശിച്ചു.
യാസര്‍ ഇബ്രാഹിം (15), മൊസ്തഫ സിക്കോ (67) എന്നിവരിലേറി ഈജിപ്ത് ശരിക്കും സ്വപ്‌നലോകത്തായിരുന്നു. 78ാം മിനിറ്റ് വരെ 0-2ന്റെ വമ്പന്‍ അട്ടിമറി ഭയത്തിലായിരുന്നു ലയണല്‍ മെസ്സിയും സംഘവും. പിന്നീട് അറ്റ്‌ലാന്റ സ്റ്റേഡിയം സാക്ഷിയായത് അര്‍ന്റീനയുടെ ആറാട്ടിനാണ്.
ക്രിസ്റ്റ്യന്‍ റൊമേറോ (79), മെസ്സി (83), എന്‍സോ ഫെര്‍ണാണ്ടസ് (90+3) ഒന്നിനു പിറകെ ഒന്നായി വരി വരിയായി ഗോളുകള്‍. എന്താണ് സംഭവിച്ചതെന്നു ഈജിപ്തിനു മനസ്സിലാവുമ്പോഴക്കും റഫറിയുടെ ലോങ് വിസില്‍.
അറ്റ്‌ലാന്റ സ്റ്റേഡിയത്തില്‍ ആദ്യ വിസില്‍ മുതല്‍ അര്‍ജന്റീനയുടെ ആധിപത്യ പ്രതീക്ഷിച്ച ആരാധകരുടെ കണക്കുകൂട്ടല്‍ തെറ്റിക്കുകായിരുന്നു ആഫ്രിക്കന്‍ ചാംപ്യന്‍മാരായ ഈജിപ്ത്. ആദ്യത്തെ പത്ത് മിനിറ്റില്‍ അവരായിരുന്നു കളിയില്‍ കൂടുതല്‍ മികച്ചുനിന്നത്.
അര്‍ജന്റീനയ്ക്കു കൂടുതല്‍ സമയം പന്ത് കൈവശം വയ്ക്കാനോ മികച്ച മുന്നേറ്റങ്ങള്‍ നെയ്‌തെടുക്കാനോ കഴിഞ്ഞില്ല. ഈജിപ്താകട്ടെ കുറേക്കൂടി പോസിറ്റിവായി ഇരുവിങുകള്‍ കേന്ദ്രീകരിച്ചും ആക്രമണങ്ങള്‍ക്കു കോപ്പുകൂട്ടി.
15ാം മിനിറ്റില്‍ അര്‍ജന്റീനയെ സ്തബ്ധരാക്കി യാസര്‍ ഇബ്രാഹിമിലൂടെ ഈജിപ്ത് അക്കൗണ്ട് തുറന്നു. സെറ്റ് പീസില്‍ നിന്നാണ് ചാംപ്യന്‍മാര്‍ക്ക് അവര്‍ അപ്രതീക്ഷിത ഷോക്ക് നല്‍കിയത്. വലതു മൂലയില്‍ നിന്നുള്ള ഷോര്‍ട്ട് കോര്‍ണറിനൊടുവില്‍ ബോക്‌സിന് അരികെ നിന്നും മര്‍വാന്‍ അത്തേയ നല്‍കിയ മനോഹരമായ ക്രോസ് ഉയര്‍ന്നു ചാടിയ യാസര്‍ ഇബ്രാഹിം ഹെഡ്ഡറിലൂടെ വലയിലേക്കു ചെത്തിയിടുമ്പോള്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന് കാഴ്ചക്കാരനായി നില്‍ക്കാനേ ആയുള്ളൂ.
ഈ ലോകകപ്പില്‍ അര്‍ജന്റീന ആദ്യം ലീഡ് വഴങ്ങിയത് ഇതാദ്യമായാണ്. മാത്രമല്ല ടൂര്‍ണമെന്റിന്റെ ആദ്യ പകുതിയില്‍ എതിര്‍ ടീമിലെ ഒരു താരം ഗോളിലേക്കു ഒരു ശ്രമം നടത്തിയതും ഇതാദ്യമായിരുന്നു.
തുടക്കത്തിലേറ്റ അപ്രതീക്ഷിത ഷോക്കില്‍ നിന്നും സട കുടഞ്ഞെഴുന്നേറ്റ് ആക്രമണങ്ങള്‍ക്കു തുടക്കമിട്ടു. 21ാം മിനിറ്റില്‍ പെനല്‍റ്റിയുടെ രൂപത്തില്‍ ഭാഗ്യം അര്‍ജന്റീനയെ തേടിയെത്തി. ഇടതു വിങിലൂടെയുള്ള മുന്നേറ്റത്തിനിടെ ടാഗ്ലിയാഫിക്കോയെ ബോക്‌സില്‍ വീഴ്ത്തിയതോടെ റഫറി പെനല്‍റ്റി സ്‌പോട്ടിലേക്കു വിരല്‍ ചൂണ്ടി.
കിക്കെടുത്തത് സാക്ഷാല്‍ ലയണല്‍ മെസ്സി. അര്‍ജന്റീന സമനിലയുറപ്പിച്ച നിമിഷം. പക്ഷെ സംഭവിച്ചത് മറ്റൊന്ന്. വലയുടെ വലതു ഭാഗത്തേക്കു പെനല്‍റ്റി പായിക്കാനുള്ള മെസ്സിയുടെ നീക്കം ഗോളി മൊസാഫ ഷൊബെയര്‍ മുന്‍കൂട്ടി വായിച്ചെടുത്തു.
മെസ്സിയുടെ കിക്കും ഗോളിയുടെ ചാട്ടവും ഒരുമിച്ചായിരുന്നു. ഡൈവ് ചെയ്ത ഷൊബെയര്‍ അതു കുത്തിയകറ്റിയപ്പോള്‍ മെസ്സി അവിശ്വസനീയതയോടെ നിന്നു. ടൂര്‍ണമെന്റില്‍ അദ്ദേഹം നഷ്ടപ്പെടുത്തിയ രണ്ടാം പെനല്‍റ്റി. നേരത്തേ ഓസ്ട്രിയയുമായുള്ള ഗ്രൂപ്പ് മല്‍സരത്തിലും മെസ്സി പെനല്‍റ്റി പുറത്തേക്കടിച്ച് പാഴാക്കിയിരുന്നു.
പെനല്‍റ്റി സേവിനു ശേഷവും ഈജിപ്യഷന്‍ ഗോളി മൊസാഫ ഷൊബെയര്‍ അര്‍ജന്റീനയുടെ ഗോള്‍ മോഹങ്ങള്‍ക്കുമുന്നില്‍ കോട്ട കെട്ടിനിന്നു. 28ാം മിനിറ്റില്‍ റോഡ്രിഗോ ഡി പോളിനു ക്ലോസ് റേഞ്ചില്‍ നിന്നും സമനില ഗോളിനുള്ള അവസരം. വലതു വിങില്‍ നിന്നും റോഡ്രിഗോ ഡി പോള്‍ ബോക്‌സിനു കുറുകെ നീട്ടി നല്‍കിയ മനോഹരമായ ക്രോസ്. പോയിന്റ് ബ്ലാങ്കില്‍ നിന്നും ഗോളിലേക്കു മക്കലിസ്റ്ററുടെ വെടിയുണ്ട കണക്കെയുള്ള ഹെഡ്ഡര്‍. പക്ഷെ ഗോളി ഷെബെയര്‍ ഇരു കൈ കൊണ്ടും അതു കുത്തികയറ്റി.
31ാം മിനിറ്റില്‍ ക്രോസ് ബാറും അര്‍ജന്റീനയ്ക്കു ഗോള്‍ നിഷേധിച്ചു. ഇടതു വിങില്‍ നിന്നുള്ള മെസ്സിയുടെ മനോഹരമായ കര്‍ലിങ് ഫ്രീകിക്ക് ഫസ്റ്റ് പോസ്റ്റിന്റെ മൂലയില്‍ താഴ്ന്നിറങ്ങുമെന്നു തോന്നിച്ചെങ്കിലും പോസ്റ്റില്‍ തട്ടിത്തെറിക്കുകയായിരുന്നു.
39ാം മിനിറ്റില്‍ അര്‍ജന്റീനയയുടെ മറ്റൊരു ഗോളവസരവും ലക്ഷ്യം കണ്ടില്ല. ഇടതു വിങിലൂടെയുള്ള മികച്ചൊരു നീക്കത്തിനൊടുവില്‍ ടാഗ്ലിയാഫിക്കോയുടെ കട്ട് ബാക്ക് ക്രോസ്. ജൂലിയന്‍ അല്‍വറാസ് അതു വലയിലേക്കു വഴി കാണിച്ചെങ്കിലും ഗോളി ഷൊബെയര്‍ ഇടതു വശത്തേക്കു ഡൈവ് ചെയ്ത് വിരല്‍ത്തുമ്പ് കൊണ്ട് ബോള്‍ തട്ടിയകറ്റി.
58ാം മിനിറ്റില്‍ അര്‍ജന്റീനുടെ ഹാഫില്‍ നിന്നും തുടക്കമിട്ട ഒരു കണ്ണഞ്ചിപ്പിക്കുന്ന കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ സലാ നല്‍കിയ ത്രൂബോളില്‍ സിക്കോ നിറയൊഴിച്ചപ്പോള്‍ ഈജിപ്ത് ആരാധകര്‍ ഇളകി മറിഞ്ഞു.
പക്ഷെ ഈ കൗണ്ടര്‍ അറ്റാക്കിന്റെ തുടക്കത്തില്‍ അര്‍ജന്റൈന്‍ താരം ഫൗള്‍ ചെയ്യപ്പെട്ടതോടെ വാര്‍ പരിശോധനയ്‌ക്കൊടുവില്‍ റഫറി ഗോള്‍ നിഷേധിക്കുന്നതിനൊപ്പം അര്‍ജന്റീനയ്ക്കു ഫ്രീകിക്കും വിധിക്കുകയായിരുന്നു.
സമനില ഗോളനായി അര്‍ജന്റീന കിണഞ്ഞു ശ്രമിക്കവെയാണ് എല്ലാ കണക്കൂകൂട്ടലും തെറ്റിച്ചു കൊണ്ട് 67ാം മിനിറ്റില്‍ മൊസ്തഫ സീക്കോയിലൂടെ ഈജിപ്ത് വീണ്ടും അര്‍ജന്റീനയുടെ വലയില്‍ പന്തെത്തിച്ചത്.
സ്വന്തം ബോക്‌സില്‍ നിന്നും തുടക്കമിട്ട അതിവേഗ കൗണ്ടര്‍ അറ്റാക്കില്‍ നിന്നാണ് ഈജിപ്ത് രണ്ടാം ഗോളും കുറിച്ചത്. ബോളുമായി ബോക്‌സിലെത്തിയ ശേഷം സാല ടീമംഗമായ സീക്കോയെ കാത്തിരുന്നു. തുടര്‍ന്ന് സെക്കന്റ് പോസ്റ്റിന് അരികെ നിന്നും കട്ട് ബാക്ക് പാസ്. സീക്കോ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ഇതു വലയിലേക്കും അടിച്ചുകയറ്റി.
79ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേറോയിലൂടെ അര്‍ജന്റീന ആദ്യ ഗോള്‍ മടക്കി. വലതു വിങില്‍ നിന്നും മെസ്സി നല്‍കിയ ക്രോസില്‍ നിന്നാണ് റൊമോറേയുടെ തകര്‍പ്പന്‍ ഹെഡ്ഡര്‍ ഈജിപ്ഷ്യന് ഗോളിയെ മറികടന്ന് വലയ്ക്കുള്ളിലായത്.
ഈ ഗോളിന്റെ ആവേശത്തില്‍ ഇരമ്പിക്കളിച്ച അര്‍ജന്റീന നാലു മിനിറ്റിനകം മെസ്സിയിലൂടെ സമനില ഗോളും പിടിച്ചുവാങ്ങിയതോടെ ഈജിപ്ത് ശരിക്കും വിറച്ചു. ബോക്‌സിനകത്ത് നിന്നും കിടിലനൊരു ഇടംകാല്‍ വോളിയിലൂടെയായാണ് മെസ്സി നിറയൊഴിച്ചത്. ക്രോസ് ബാറിലിടിച്ച ശേഷം ബോള്‍ വലയ്ക്കുള്ളില്‍ പതിക്കുകയായിരുന്നു (2-2).
ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കില്‍ നിന്നും ഈജിപ്തിന്റെ കഥ കഴിച്ച എന്‍സോ ഫെര്‍ണാണ്ടസിന്റെ വിജയഗോള്‍. ലൊറ്റാറോ മാര്‍ട്ടിനസിന്റെ ക്രോസില്‍ എന്‍സോയുടെ ഹെഡ്ഡര്‍ വലയില്‍ പതിച്ചപ്പോള്‍ അര്‍ജന്റീന പൊട്ടിത്തെറിക്കുകയായിരുന്നു (3-2).
അര്‍ജന്റീന (4-3-3): എമിലിയാനോ മാര്‍ട്ടിനെസ്, നഹുവല്‍ മോളിന, ക്രിസ്റ്റ്യന്‍ റൊമേറോ, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, ഫാകുണ്ടോ മദീന; റോഡ്രിഗോ ഡി പോള്‍, എന്‍സോ ഫെര്‍ണാണ്ടസ്, അലക്‌സിസ് മാക് അലിസ്റ്റര്‍ തിയാഗോ അല്‍മാഡ, ലൊറ്റാറോാ മാര്‍ട്ടിനെസ്, ലയണല്‍ മെസ്സി
ഈജിപ്ത് (4-2-3-1): മൊസ്തഫ ഷോബൈര്‍, മുഹമ്മദ് ഹാനി, റാമി റാബിയ, യാസര്‍ ഇബ്രാഹിം, കരീം ഹഫീസ്, മര്‍വാന്‍ ആറ്റിയ, ഹംഡി ഫാത്തി; മുഹമ്മദ് സലാ, ഇമാം അഷൂര്‍, ഒമര്‍ മര്‍മൂഷ്; മൊസ്തഫ സിക്കോ.
