June 20, 2026

സംസ്ഥാനത്ത് എലിപ്പനി വ്യാപനം രൂക്ഷം ; 186 പേർക്ക് രോഗബാധ , മൂന്ന് മരണം

Share

 

തിരുവനന്തപുരം : സംസ്ഥാനത്ത് എലിപ്പനി കേസുകള്‍ വീണ്ടും ആശങ്കയുണർത്തുന്ന രീതിയില്‍ ഉയരുന്നു. ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്നലെ വരെ 186 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധയെ തുടർന്ന് മൂന്ന് പേർ മരിക്കുകയും ചെയ്തു. മഴക്കാലം ശക്തമായതോടെ വിവിധ ജില്ലകളില്‍ രോഗവ്യാപനം വർധിക്കുന്നതായാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

ഇന്നലെ മാത്രം 21 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലായി രോഗബാധ റിപ്പോർട്ട് ചെയ്തു. കൂടാതെ 12 പേർക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടർന്ന് നിരീക്ഷണത്തിലും ചികിത്സയിലുമാണ്.

 

ജൂണ്‍ 1 മുതല്‍ 19 വരെ 134 പേരാണ് എലിപ്പനി ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഈ മാസം മൂന്ന് മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചപ്പോള്‍, രോഗബാധ മൂലമാണെന്ന് സംശയിക്കുന്ന എട്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

ഈ വർഷം ജനുവരി മുതല്‍ ജൂണ്‍ പകുതി വരെ 832 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധ സംശയിക്കുന്നവരുടെ എണ്ണം 607 ആയി. 2026-ല്‍ ഇതുവരെ 23 ജീവനുകളാണ് എലിപ്പനി കവർന്നെടുത്തത്.

 

എലിപ്പനിക്ക് കാരണമാകുന്ന ലെപ്റ്റോസ്പൈറ ബാക്ടീരിയ സാധാരണയായി എലികളുടെ മൂത്രത്തിലൂടെ മലിനമായ വെള്ളത്തിലൂടെയും മണ്ണിലൂടെയും മനുഷ്യരിലേക്ക് പകരുന്നതാണ്. വെള്ളക്കെട്ടുകളിലും മലിനജല സമ്പർക്കമുള്ള സാഹചര്യങ്ങളിലും ജോലി ചെയ്യുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.

 

മലിനജലവുമായോ ചെളിയുമായോ സമ്പർക്കത്തില്‍ ഏർപ്പെടുന്നവർ സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കണമെന്നും ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ കഴിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. പനി, തലവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ ചികിത്സ തേടണമെന്നും അധികൃതർ അറിയിച്ചു.


Share
Copyright © All rights reserved. | Newsphere by AF themes.