May 29, 2026

‘മോദിയെ കണ്ടപ്പോള്‍ ഉടനെ പിണറായിയുടെ വീട്ടില്‍ റെയ്ഡ് ചെയ്യണമെന്ന് പറഞ്ഞു, കേട്ട പാടെ 12 ഇടങ്ങളില്‍ റെയ്ഡ് നടത്താന്‍ നിര്‍ദേശിച്ചു ‘, പരിഹസിച്ച്‌ മുഖ്യമന്ത്രി

Share

 

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരുവിധ റോളുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. കേന്ദ്ര ഏജന്‍സി മുന്‍പ് തന്നെ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണത്തിന്റെ ഭാഗമായാണ് അവര്‍ നിലവില്‍ നടപടി സ്വീകരിക്കുന്നതെന്നും ഇതില്‍ സര്‍ക്കാരിന് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇഡി റെയ്ഡ് നടത്തുന്ന കാര്യമോ, റെയ്ഡ് കഴിഞ്ഞ് പോകുന്ന കാര്യങ്ങളോ സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. എന്നാല്‍, കേന്ദ്ര ഏജന്‍സിയുടെ ഭാഗത്തുനിന്ന് യാതൊരു അറിയിപ്പും ലഭിക്കാതിരുന്നിട്ടും സംഭവസ്ഥലത്ത് പൊലീസിനെ അയച്ച്‌ സംഘര്‍ഷാവസ്ഥ ലഘൂകരിക്കാന്‍ ഉചിതമായ നടപടി സ്വീകരിച്ച ആഭ്യന്തരമന്ത്രിയെ താന്‍ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് പിന്നാലെയാണ് പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടന്നതെന്നും ഇത് ‘മോദി-വിഡി ഡീല്‍’ ആണെന്നുമുള്ള സി.പി.എം ആരോപണങ്ങളെ മുഖ്യമന്ത്രി ശക്തമായ ഭാഷയില്‍ പരിഹസിച്ചു. താന്‍ ആദ്യമായി പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ ഉടനെ തന്നെ പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തണമെന്ന് ആവശ്യപ്പെട്ടെന്നും, അതുകേട്ട പാടെ മോദി 12 ഇടങ്ങളില്‍ റെയ്ഡ് നടത്താന്‍ നിര്‍ദ്ദേശിച്ചെന്നുമാണ് സിപിഎം നേതാക്കള്‍ പറയുന്നതെന്ന് സതീശന്‍ തമാശരൂപേണ പറഞ്ഞു. മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നത് കേട്ടപ്പോള്‍ ചിരിക്കണോ കരയണമോ എന്നറിയാത്ത അവസ്ഥയിലായി താന്‍. എന്നാല്‍, മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ ഒരിക്കലും അത്തരമൊരു നിലവാരമില്ലാത്ത അഭിപ്രായം പറയില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

കോടതി നിര്‍ദ്ദേശപ്രകാരം അന്വേഷണത്തിനെത്തിയ ഔദ്യോഗിക സംഘത്തെ ക്രിമിനലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കൂട്ടം ആളുകള്‍ തടഞ്ഞുവെക്കുന്നത് ക്രമസമാധാന ലംഘനമാണെന്നും അത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുന്‍പ് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ തങ്ങള്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍ ഉന്നയിച്ച കൃത്യമായ ആരോപണമാണ് എക്സാലോജിക് കേസ്. നാല് കൊല്ലം മുന്‍പ് രജിസ്റ്റര്‍ ചെയ്ത കേസാണിതെങ്കിലും തങ്ങള്‍ അധികാരത്തില്‍ വരുന്നത് വരെ കേന്ദ്ര ഏജന്‍സി ഈ വിഷയത്തില്‍ ഒന്നും ചെയ്തിരുന്നില്ല. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെയാണ് കേന്ദ്ര ഏജന്‍സികള്‍ ഈ കേസില്‍ തുടര്‍നടപടികളുമായി സജീവമായത്.

 

എന്നാല്‍ റെയ്ഡിന് പിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പുറത്തിറങ്ങി കുറ്റപ്പെടുത്തിയത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയാണ്. മോദിയെയോ അമിത് ഷായെയോ കുറിച്ച്‌ അദ്ദേഹം ഒന്നും പറഞ്ഞില്ല. രാഹുല്‍ ഗാന്ധിയാണോ ഇഡി റെയ്ഡിനായി ആളെയയച്ചതെന്നും സതീശന്‍ ചോദ്യമുനര്‍ത്തി. കോടതി നിര്‍ദ്ദേശപ്രകാരം കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുമ്പോള്‍ അത് വേണ്ടെന്ന് വെക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. മുന്‍പ് രാഹുല്‍ ഗാന്ധിക്കെതിരായ കേസിനെ കോണ്‍ഗ്രസ് നേരിട്ടത് രാഷ്ട്രീയമായാണ്, അല്ലാതെ അന്വേഷണസംഘത്തെ തടഞ്ഞുകൊണ്ടല്ല. റെയ്ഡിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഗുരുതരമായ കുറ്റകൃത്യമാണ് നടന്നതെന്നും ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

 

വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളുടെ അതിരുകടന്ന പെരുമാറ്റത്തിനെതിരെയും മുഖ്യമന്ത്രി വി.ഡി. സതീശന്‍ കടുത്ത ഭാഷയില്‍ രംഗത്തെത്തി. ഒരു കാര്യത്തില്‍ എപ്പോള്‍ മറുപടി പറയണം എന്നത് തന്റെ അവകാശമാണെന്നും ആ സ്വാതന്ത്ര്യമെങ്കിലും തനിക്ക് തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കിടയില്‍ ഒരു മൈക്ക് വന്ന് തന്റെ മുഖത്ത് ഇടിക്കുന്ന സാഹചര്യം വരെയുണ്ടായിട്ടും താന്‍ ഒന്നും പ്രതികരിച്ചില്ല. ഒരു വിഷയത്തെക്കുറിച്ച്‌ വ്യക്തമായി പഠിച്ചതിന് ശേഷം മാത്രമേ പ്രതികരിക്കാവൂ എന്നതാണ് തന്റെ ശൈലി. താന്‍ ഒളിച്ചോടുന്ന ആളാണോ എന്ന് ചോദിച്ച മുഖ്യമന്ത്രി, ചോദ്യം ചോദിക്കാനുള്ള മാധ്യമങ്ങളുടെ അവകാശം പോലെ തന്നെ മറുപടി പറയേണ്ട സമയം തീരുമാനിക്കാനുള്ള അവകാശം തനിക്കും തരണമെന്ന് അപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കി. മുന്‍പ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് പോകാന്‍ പോലും മാധ്യമങ്ങള്‍ക്ക് ഭയമായിരുന്നുവെന്നും, അങ്ങനെയുള്ളവരാണ് തന്നെ ഇപ്പോള്‍ ‘മൗനി ബാബ’ എന്ന് വിളിച്ച്‌ വിമര്‍ശിക്കുന്നതെന്നും സതീശന്‍ ഓര്‍മ്മിപ്പിച്ചു. തന്നെ മുന്‍ മുഖ്യമന്ത്രിയുമായി മാധ്യമങ്ങള്‍ താരതമ്യം ചെയ്യരുതെന്നും എപ്പോള്‍ പ്രതികരിക്കണമെന്ന് താന്‍ തന്നെ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


Share
Copyright © All rights reserved. | Newsphere by AF themes.