ഗൂഗിള്‍ 15 ജിബി സൗജന്യ സ്റ്റോറേജ് ഇനി എല്ലാവര്‍ക്കുമില്ല ; അക്കൗണ്ടുകള്‍ക്ക് പുതിയ നിയന്ത്രണം
കോടിക്കണക്കിന് ഉപയോക്താക്കളെ ബാധിക്കാവുന്ന ഒരു നിർണായക മാറ്റത്തിനൊരുങ്ങുകയാണ് ഗൂഗിള്‍. പുതിയ അക്കൗണ്ടുകള്‍ക്കായി ഇതുവരെ നല്‍കിയിരുന്ന സൗജന്യ ക്ലൗഡ് സ്റ്റോറേജില്‍ വെട്ടിക്കുറവ് വരുത്താനാണ് കമ്പനിയുടെ നീക്കം.
നിലവില്‍ ഒരു പുതിയ ഗൂഗിള്‍ അക്കൗണ്ട് സൃഷ്ടിക്കുമ്പോള്‍ ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ ഫോട്ടോസ് എന്നിവയ്ക്കായി ആകെ 15 ജിബി സൗജന്യ സ്റ്റോറേജ് ലഭിക്കുന്നതാണ് പതിവ്. എന്നാല്‍ ഇനി സുരക്ഷാ പരിശോധനകള്‍ പൂർത്തിയാക്കാത്ത ഉപയോക്താക്കള്‍ക്ക് വെറും അഞ്ച് ജിബി സ്റ്റോറേജ് മാത്രമാകും ലഭിക്കുക എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചില തിരഞ്ഞെടുത്ത മേഖലകളില്‍ ഗൂഗിള്‍ ഈ പുതിയ നയം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കി തുടങ്ങിയതായും വിവരമുണ്ട്.
പൂർണമായ 15 ജിബി സ്റ്റോറേജ് ലഭിക്കണമെങ്കില്‍ ഉപയോക്താക്കള്‍ അവരുടെ സജീവമായ മൊബൈല്‍ നമ്പർ ഗൂഗിള്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടിവരും. മൊബൈല്‍ നമ്പർ സ്ഥിരീകരിച്ച അക്കൗണ്ടുകള്‍ക്കാണ് മുഴുവൻ സൗജന്യ സ്റ്റോറേജ് അണ്‍ലോക്ക് ചെയ്യാൻ കഴിയുകയെന്ന് പുതിയ അക്കൗണ്ട് സെറ്റപ്പ് വിവരങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, സ്വകാര്യതയെ മുൻഗണന നല്‍കുന്നവർക്ക് മൊബൈല്‍ നമ്പർ ചേർക്കാതെയും അക്കൗണ്ട് ഉപയോഗിക്കാം. എന്നാല്‍ അത്തരം അക്കൗണ്ടുകള്‍ക്ക് അഞ്ച് ജിബി സ്റ്റോറേജിലേക്ക് മാത്രമാകും പരിമിതിയെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് സ്റ്റോറേജ് ദുരുപയോഗം ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിളിന്റെ പുതിയ നീക്കമെന്നാണ് സാങ്കേതിക വിദഗ്ധർ വിലയിരുത്തുന്നത്.
പ്രധാനമായും, ഈ മാറ്റം നിലവില്‍ ഉപയോഗത്തിലിരിക്കുന്ന പഴയ ജിമെയില്‍ അക്കൗണ്ടുകളെ ബാധിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. പുതിയ അക്കൗണ്ടുകള്‍ക്കായിരിക്കും ഈ നിബന്ധന ബാധകമാകുക. ഡിജിറ്റല്‍ സുരക്ഷയും ഉപയോക്തൃ തിരിച്ചറിയലും കൂടുതല്‍ ശക്തമാക്കാനുള്ള ഗൂഗിളിന്റെ പുതിയ ചുവടുവയ്പായി തന്നെയാണ് ഈ മാറ്റത്തെ ടെക് ലോകം കാണുന്നത്.
