വിമാനാപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് ദാരുണാന്ത്യം : വിടവാങ്ങിയത് മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കരുത്തൻ
മഹാരാഷ്ട്രയിലെ ബരാമതിയില്‍ വിമാനം തകർന്നു വീണുണ്ടായ അപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു.66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന നാല് പേർക്കും ജീവൻ നഷ്ടപ്പെട്ടു. അജിത് പവാറും സുരക്ഷാ ഉദ്യോഗസ്ഥനും സഹായിയും പൈലറ്റും ജീവനക്കാരനും ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മുംബൈയില്‍ നിന്നും മഹാരാഷ്ട്രയിലെ ബരാമതിയിലേക്ക് പവാർ സ്വകാര്യ വിമാനത്തില്‍ യാത്ര ചെയ്തത്. അപകടത്തില്‍ പെട്ടതോടെ വിമാനം പൂർണ്ണമായും കത്തിനശിച്ചു.
ലാൻ്റിംഗിന് തൊട്ടുമുമ്പായിരുന്നു വിമാനം അപകടത്തില്‍ പെട്ടത്. രാവിലെ 8.45ഓടെയാണ് അപകടമുണ്ടായത്. താഴെ വീണ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അജിത് പവാറിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരും അനുയായികളും പൈലറ്റും മരിച്ചു. വിമാനം അപകടത്തില്‍ പെട്ട ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, അപകടത്തിൻ്റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തിൻ്റെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്.
6 സർക്കാരുകളില്‍ ഉപമുഖ്യമന്ത്രിയായിരുന്നു അജിത് പവാർ. ഏറ്റവും കൂടുതല്‍ കാലം ഉപമുഖ്യമന്ത്രിയായ നേതാവായിരുന്നു അജിത് പവാർ. ഒരു തെരഞ്ഞെടുപ്പില്‍ പോലും തോല്‍ക്കാത്ത നേതാവായിരുന്ന പവാർ 8 തവണ നിയമസഭയിലേക്കും ഒരിക്കല്‍ ലോക്സഭയിലേക്കും ജയിച്ചു കയറി. മഹാരാഷ്ട്രയില്‍ അനിഷേധ്യനായിരുന്ന അജിത് പവാറിൻ്റെ അപ്രതീക്ഷിത വേർപാടില്‍ ഞെട്ടലിലാണ് നേതാക്കള്‍.
മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കരുത്തനായ നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം രാജ്യത്തെ ഞെട്ടിച്ചു.’അജിത് ദാദ’ എന്ന് അനുയായികള്‍ സ്നേഹത്തോടെ വിളിച്ചിരുന്ന അദ്ദേഹം, ഭരണാധികാരി എന്ന നിലയില്‍ കരുത്ത് തെളിയിച്ച വ്യക്തിത്വമായിരുന്നു.
മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായ ശരദ് പവാറിന്റെ അനന്തരവൻ എന്ന നിലയില്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച അജിത് പവാർ, പിന്നീട് സ്വന്തമായ ഇടം കണ്ടെത്തിയ നേതാവാണ്. 1959 ജൂലൈ 22ന് അഹമ്മദ്‌നഗർ ജില്ലയിലെ ദേവ്‌ലാലി പ്രവരയിലാണ് അജിത് ആനന്ദറാവു പവാർ ജനിച്ചത്. 1982ല്‍ സഹകരണ മേഖലയിലൂടെ അദ്ദേഹം രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ബാരാമതി സഹകരണ ബാങ്കിന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടതായിരുന്നു ഇതിന്റെ തുടക്കം.
1991ല്‍ ബാരാമതി മണ്ഡലത്തില്‍ നിന്ന് അദ്ദേഹം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ പിന്നീട് ശരദ് പവാറിന് പ്രതിരോധ മന്ത്രിയാകാനായി അദ്ദേഹം ആ സ്ഥാനം ഒഴിഞ്ഞുകൊടുത്തു. 1991 മുതല്‍ മഹാരാഷ്ട്ര നിയമസഭയില്‍ ബാരാമതിയെ പ്രതിനിധീകരിച്ച അജിത് പവാർ കൃഷി, വൈദ്യുതി, ജലസേചനം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു.
മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഉപമുഖ്യമന്ത്രി പദവി അലങ്കരിച്ച നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. വിവിധ സഖ്യസർക്കാരുകളുടെ കാലത്തായി ആറ് തവണയാണ് അദ്ദേഹം ഈ പദവിയിലെത്തിയത്.
2023ല്‍ ശരദ് പവാറുമായി രാഷ്ട്രീയമായി വേർപിരിഞ്ഞ അദ്ദേഹം എൻ സി പിയിലെ ഭൂരിഭാഗം എം എല്‍ എമാരെയും കൂടെ നിർത്തി ഷിൻഡെ – ബി ജെ പി സർക്കാരില്‍ ചേർന്നു. പിന്നീട് തിരഞ്ഞെടുപ്പ് കമ്മീഷൻ അജിത് പവാറിന്റെ വിഭാഗത്തെ ഔദ്യോഗിക എൻ സി പിയായി അംഗീകരിച്ചു.
ബാരാമതിയെ ലോകനിലവാരത്തിലുള്ള ഒരു നഗരമായി മാറ്റിയെടുക്കുന്നതില്‍ അജിത് പവാർ വലിയ പങ്കുവഹിച്ചു. മികച്ച അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായങ്ങളും ബാരാമതിയിലെത്തിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. തന്റെ കാര്യക്ഷമമായ ഭരണശൈലിയും വേഗത്തിലുള്ള തീരുമാനങ്ങളുമാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കിയത്.
സംസ്ഥാനത്തിന്റെ ഭരണചക്രം തിരിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിരുന്ന അദ്ദേഹത്തിന്റെ വിയോഗം മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.
