പവൻ വില 1.17 ലക്ഷം കടന്നു : റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണ്ണ വിലയില്‍ വൻ കുതിപ്പ് ; ഇന്ന് ഒറ്റയടിക്ക് കൂടിയത് 3,960 രൂപ
സംസ്ഥാനത്ത് സ്വർണ്ണവില പുതിയ ചരിത്രം കുറിക്കുന്നു. ഇന്ന് ഒറ്റയടിക്ക് പവന് 3,960 രൂപ വർദ്ധിച്ചതോടെ സ്വർണ്ണവില 1,17,000 രൂപയും പിന്നിട്ടു. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 1,17,120 രൂപയിലെത്തി. ഗ്രാമിന് 495 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്; ഒരു ഗ്രാം സ്വർണ്ണത്തിന് 14,640 രൂപയാണ് ഇന്നത്തെ നിരക്ക്.
ഇന്നലെ പവന് 1,680 രൂപ കുറഞ്ഞ് ആശ്വാസം നല്‍കിയെങ്കിലും, ഇന്ന് അതിനേക്കാള്‍ ഇരട്ടി തുക വർദ്ധിച്ചാണ് സ്വർണ്ണം തിരിച്ചുവരവ് നടത്തിയത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ മാത്രം പവൻ വിലയില്‍ 17,000 രൂപയിലധികം വർദ്ധനവാണ് ഉണ്ടായത്.
കഴിഞ്ഞ ഡിസംബർ 23-നാണ് സംസ്ഥാനത്ത് സ്വർണ്ണവില ആദ്യമായി ഒരു ലക്ഷം രൂപ എന്ന പരിധി കടന്നത്. അവിടെനിന്നും വെറും ഒരു മാസത്തിനുള്ളിലാണ് വില 1.17 ലക്ഷത്തിലെത്തിയത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ്ണവിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്.
വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധസാഹചര്യങ്ങളും ഭൗമരാഷ്ട്രീയ തർക്കങ്ങളും നിക്ഷേപകരെ സ്വർണ്ണത്തിലേക്ക് ആകർഷിക്കുന്നു. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളും അമേരിക്കൻ ഫെഡറല്‍ റിസർവിന്റെ തീരുമാനങ്ങളും സ്വർണ്ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.
