January 20, 2026

സ്ഥിരം കുറ്റവാളിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

Share

 

ബത്തേരി : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് കണ്ണൂർ ജയിലിലടച്ചു. ഗുണ്ടാപ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി സംസ്ഥാനതലത്തിൽ ആരംഭിച്ച “ഓപ്പറേഷൻ കാവൽ’ ന്റെ ഭാഗമായി വടുവഞ്ചാൽ കല്ലേരി സ്വദേശി, തെക്കിനേടത്ത് വീട്ടിൽ ബുളു എന്ന ജിതിൻ ജോസഫി(35)നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടറാണ് ഉത്തരവിറക്കിയത്.

 

ജില്ലയിലെ അമ്പലവയൽ, മീനങ്ങാടി, കൽപ്പറ്റ പോലീസ് സ്റ്റേഷനുകളിലും, കോഴിക്കോട് താമരശ്ശേരി പോലീസ് സ്റ്റേഷനിലും, തമിഴ്നാട്ടിലെ ഹൊസൂർ പോലീസ് സ്റ്റേഷനിലും രണ്ട് കൊലപാതക കേസ് ഉൾപ്പടെ മോഷണം, ദേഹോപദ്രവം, പോക്സോ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ ജിതിൻ പ്രതിയാണ്. ജില്ലയിലെ എല്ലാ പോലിസ് സ്റ്റേഷൻ പരിധിയിലെയും ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും തരം തിരിച്ച് കൂടുതൽ പേർക്കെതിരെ കാപ്പ ചുമത്താനുള്ള ശക്തമായ നടപടികൾ പോലീസ് സ്വീകരിച്ചു വരികയാണ്.


Share
Copyright © All rights reserved. | Newsphere by AF themes.