കേരളത്തിലെ ട്രെയിൻ സമയങ്ങളില്‍ മാറ്റം; നാളെ മുതല്‍ പുതിയ സമയക്രമം
റെയില്‍വേയുടെ പുതുക്കിയ സമയക്രമം നാളെ മുതല്‍ നിലവില്‍ വരും. കേരളത്തിലൂടെ സർവീസ് നടത്തുന്ന നിരവധി ട്രെയിനുകളുടെ സമയങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.യാത്രക്കാർ പുതുക്കിയ സമയക്രമം പരിശോധിക്കണമെന്ന് റെയില്‍വേ അറിയിച്ചു. പുതിയ സമയക്രമം പ്രാബല്യത്തില്‍ വരുന്നതിനാല്‍ യാത്രക്കാർ ഔദ്യോഗിക റെയില്‍വേ വെബ്സൈറ്റിലൂടെയോ സ്റ്റേഷൻ അറിയിപ്പുകളിലൂടെയോ പുതുക്കിയ വിവരങ്ങള്‍ ഉറപ്പാക്കണമെന്നാണ് റയില്‍വെ അധികൃതരുടെ നിർദ്ദേശം.
പുതിയ സമയക്രമം അനുസരിച്ച് ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ഇനി വൈകിട്ട് 5.05നാണ് എറണാകുളത്ത് എത്തുക. നിലവില്‍ ഇത് 4.55നാണ് എത്തിച്ചേരുന്നത്. തിരുവനന്തപുരം-സിക്കന്ദരാബാദ് ശബരി എക്സ്പ്രസ് 30 മിനിറ്റ് നേരത്തേ രാവിലെ 10.40ന് എറണാകുളം ടൗണ്‍ സ്റ്റേഷനിലെത്തും. എന്നാല്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന സമയത്തില്‍ മാറ്റമില്ല.
ചെങ്കോട്ട വഴിയുള്ള കൊല്ലം-ചെന്നൈ എക്സ്പ്രസ് ഇനി ഒന്നര മണിക്കൂർ നേരത്തേ ചെന്നൈ താംബരം സ്റ്റേഷനില്‍ എത്തും. പുതുക്കിയ സമയക്രമപ്രകാരം ട്രെയിൻ രാവിലെ 6.05നാണ് താംബരത്ത് എത്തുക.
ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ 20 മിനിറ്റ് നേരത്തേ എത്തും. ഇനി ട്രെയിൻ വൈകിട്ട് 4.30നാണ് എറണാകുളം ടൗണിലെത്തുക. ഇടനില സ്റ്റേഷനുകളിലെ സമയങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും തിരുവനന്തപുരത്ത് എത്തുന്ന സമയത്തില്‍ മാറ്റമില്ല.
വൈഷ്ണോദേവി കട്ര-കന്യാകുമാരി ഹിമസാഗർ വീക്ലി എക്സ്പ്രസ് തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഷനിലെത്തുന്ന സമയത്തിലും മാറ്റമുണ്ട്. ട്രെയിൻ ഇനി രാത്രി 7.25നാണ് എത്തുക; മുൻപ് ഇത് 8.25നായിരുന്നു. ഇതോടൊപ്പം മറ്റ് സ്റ്റേഷനുകളിലെ സമയങ്ങളിലും ഭേദഗതി വരുത്തിയിട്ടുണ്ട്.
അതേസമയം ചെന്നൈ-ഗുരുവായൂർ എക്സ്പ്രസ് ചെന്നൈ എഗ്‌മോർ സ്റ്റേഷനില്‍ നിന്നു പുറപ്പെടുന്ന സമയം 20 മിനിറ്റ് പിന്നിലാക്കും. ഇനി ട്രെയിൻ രാവിലെ 10.40നാണ് പുറപ്പെടുക; നിലവില്‍ ഇത് 10.20നായിരുന്നു.
