ആശ്വാസം : തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവില താഴേക്ക്
തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ ആഴ്ചയിലെ ആറ് സെഷനുകളിലും സ്വർണവില റെക്കോർഡ് ഉയരങ്ങളിലേക്ക് കുതിച്ചിരുന്നു. എന്നാല്‍, ഈ ആഴ്ചയുടെ തുടക്കം മുതല്‍ വില താഴേക്ക് വരുന്ന പ്രവണതയാണ് വിപണിയില്‍ ദൃശ്യമാകുന്നത്.
ഡിസംബർ 29ന് തുടർച്ചയായ 4 തവണയാണ് സ്വർണ വില കുറഞ്ഞത്. പക്ഷേ ഇന്നലെ രാവിലെ ഇടിഞ്ഞ വിലയില്‍ തന്നെയാണ് വ്യാപാരം പുരോഗമിച്ചത്. 2025നോട് വിട പറഞ്ഞ് 2026ലേക്ക് പ്രവേശിക്കുമ്ബോഴും സ്വർണ വിലയിലെ ഇടിവ് തുടരുമോ? വിവാഹ പർച്ചേസുകള്‍ക്ക് കാത്തിരിക്കുന്നവർ വേഗം തന്നെ സ്വർണാഭരണം വാങ്ങുന്നത് നല്ലതാണ്. ആഗോള വിപണിയിലെ ചലനങ്ങള്‍ സ്വർണ വിലയില്‍ തുടർച്ചയായ ഇടിവിനുള്ള സാഹചര്യം നല്‍കില്ല. അതിനാല്‍ ഏത് നിമിഷവും ഒരു കുതിപ്പ് പ്രതീക്ഷിക്കാം.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 30 രൂപ കുറഞ്ഞ് 12,455 രൂപയായി. ഒരു പവന് 240 രൂപ കുറഞ്ഞ് 99,640 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,24,550 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 32 രൂപ കുറഞ്ഞ് 13,588 രൂപയും, പവന് 256 രൂപ കുറഞ്ഞ് 1,08,704 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 24 രൂപ കുറഞ്ഞ് 10,191 രൂപയും, പവന് 192 രൂപ കുറഞ്ഞ് 81,528 രൂപയുമായി.
ഇന്ന് രാജ്യാന്തര സ്വർണ വിലയില്‍ നേരിയ മുന്നേറ്റം കാണുന്നുണ്ട്. ഇന്ന് സ്പോട്ട് സ്വർണ വില ഔണ്‍സിന് 4,345.78 ഡോളറിലാണുള്ളത്. ശക്തമായ ഇടിവില്‍ നിന്നാണ് നേരിയ പുരോഗതി കാണുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വർണത്തില്‍ നിന്നും ശക്തമായ ലാഭമെടുപ്പ് നടത്തിയതാണ് കേരളത്തിലും സ്വർണ വില ഇടിയാൻ കാരണമായത്.
സ്വർണാഭരണ വില
സ്വർണത്തിൻ്റെ വില ഇടിഞ്ഞതോടെ ആഭരണം വാങ്ങാൻ ആവേശമായോ? സ്വർണം വാങ്ങുന്നുണ്ടെങ്കില്‍ ഈ വിലക്കുറവില്‍ തന്നെ സ്വന്തമാക്കാം. ഇന്ന് 3 ശതമാനം ജിഎസ്ടിയും, മിനിമം 5% പണിക്കൂലിയും, ഹോള്‍മാർക്ക് ഫീസും (53.10 രൂപ) ഈടാക്കിയാല്‍ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,07,810 രൂപ കരുതേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് 13,520 രൂപയോളവും ചിലവഴിക്കേണ്ടി വരും. കേരളത്തില്‍ വിവാഹ സീസണായതിനാല്‍ സ്വർണാഭരണത്തിൻ്റെ ആവശ്യകത വർദ്ധിക്കും.
