കേരളത്തില്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ്; ഇനി മുതല്‍ ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ്
സ്വന്തം അസ്തിത്വം തെളിയിക്കാൻ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് അറുതി വരുത്താൻ ചരിത്രപ്രധാനമായ നീക്കവുമായി കേരള സർക്കാർ. സംസ്ഥാനത്ത് ഫോട്ടോ പതിപ്പിച്ച ‘നേറ്റിവിറ്റി കാർഡ്’ നടപ്പാക്കാൻ മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി. ഒരാള്‍ ഈ നാട്ടില്‍ ജനിച്ചു വളർന്നയാളാണെന്നോ അല്ലെങ്കില്‍ ഇവിടെ സ്ഥിരതാമസക്കാരനാണെന്നോ ആരുടെ മുന്നിലും അനായാസം തെളിയിക്കാൻ പ്രാപ്തനാക്കുന്ന ആധികാരിക രേഖയായിരിക്കും ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
പ്രധാന പ്രത്യേകതകള്‍
ഒറ്റത്തവണ അപേക്ഷ: നിലവില്‍ ഓരോ ആവശ്യത്തിനും വെവ്വേറെ നേറ്റിവിറ്റി സർട്ടിഫിക്കറ്റുകള്‍ വാങ്ങേണ്ട സ്ഥിതിയാണ്. പുതിയ കാർഡ് വരുന്നതോടെ ഇത് ഒഴിവാകും.
നിയമസാധുത: സാധാരണ സർട്ടിഫിക്കറ്റുകളില്‍ നിന്ന് വ്യത്യസ്തമായി, നിയമപരമായ പിൻബലമുള്ള ആധികാരിക രേഖയായിട്ടായിരിക്കും നേറ്റിവിറ്റി കാർഡ് നല്‍കുക.
ഫോട്ടോ പതിപ്പിച്ച രേഖ: ആള്‍മാറാട്ടം തടയാനും തിരിച്ചറിയല്‍ എളുപ്പമാക്കാനും കാർഡില്‍ അപേക്ഷകന്റെ ഫോട്ടോ ഉണ്ടായിരിക്കും.
സർക്കാർ സേവനങ്ങള്‍ക്ക് ഉപയോഗിക്കാം: സംസ്ഥാന സർക്കാരിന്റെ വിവിധ സേവനങ്ങള്‍ക്കും സാമൂഹിക ആവശ്യങ്ങള്‍ക്കും ഗുണഭോക്തൃ തിരിച്ചറിയല്‍ രേഖയായി ഈ കാർഡ് ഉപയോഗിക്കാം.
“ഒരാളും സ്വന്തം നാട്ടില്‍ പുറന്തള്ളപ്പെടുന്ന അവസ്ഥ ഉണ്ടാകരുത്. താൻ ഈ നാട്ടുകാരനാണെന്ന് തെളിയിക്കാൻ ജനങ്ങള്‍ പ്രയാസമനുഭവിക്കുന്നത് ആശങ്കാജനകമാണ്. ഇതിന് പരിഹാരമായാണ് ആജീവനാന്തം ഉപയോഗിക്കാവുന്ന നേറ്റിവിറ്റി കാർഡ് ആവിഷ്കരിക്കുന്നത്.” എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
നടപ്പിലാക്കുന്നത് എങ്ങനെ?
നേറ്റിവിറ്റി കാർഡ് വിതരണം ചെയ്യുന്നതിനുള്ള ചുമതല തഹസില്‍ദാർമാർക്കായിരിക്കും. കാർഡിന് നിയമസാധുത നല്‍കുന്നതിനാവശ്യമായ നിയമനിർമ്മാണത്തിനായി കരട് തയ്യാറാക്കാൻ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമ വകുപ്പുമായി കൂടിയാലോചിച്ച് ഇതിന്റെ അന്തിമരൂപം മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കും.
ജനങ്ങളുടെ നിരന്തരമായ അഭ്യർത്ഥനകളും പരാതികളും പരിഗണിച്ചാണ് സർക്കാർ ഈ നീക്കം നടത്തുന്നത്. ഈ സംവിധാനം നിലവില്‍ വരുന്നതോടെ വിദ്യാർത്ഥികള്‍ക്കും ഉദ്യോഗാർത്ഥികള്‍ക്കും വില്ലേജ് ഓഫീസുകള്‍ കയറിയിറങ്ങാതെ തന്നെ തങ്ങളുടെ ജനന-വാസ രേഖകള്‍ ഹാജരാക്കാൻ സാധിക്കും.
