December 22, 2025

യാത്രയ്ക്കിടയില്‍ മൂത്രമൊഴിക്കാൻ മുട്ടാറില്ലേ… ഇനി വൃത്തിയുള്ള ശുചിമുറി അന്വേഷിച്ച്‌ അലയേണ്ട; പരിഹാരവുമായി തദ്ദേശ സ്വയംഭരണ വകുപ്പ്

Share

 

യാത്ര ചെയ്യുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ വൃത്തിയുള്ള ശുചിമുറികളുടെ അഭാവത്തിന് പരിഹാരവുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ സജ്ജമാക്കിയ ‘ക്ലൂ’ (KLOO) മൊബൈല്‍ ആപ്ലിക്കേഷൻ പുറത്തിറങ്ങാനൊരുങ്ങുന്നു.

 

ഡിസംബർ 23ന് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ തദ്ദേശ സ്വയംഭരണ-എക്‌സൈസ്-പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ക്ലൂ സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും.

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള പൊതു ശുചിമുറികള്‍ക്ക് പുറമെ, കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനുമായി സഹകരിച്ച്‌ മികച്ച നിലവാരം പുലർത്തുന്ന സ്വകാര്യ ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും ശുചിമുറികള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഈ ശൃംഖല വിപുലീകരിച്ചിരിക്കുന്നത്.

 

യാത്രക്കാർക്ക് അവരുടെ ലൊക്കേഷന് തൊട്ടടുത്തുള്ള ശുചിമുറികള്‍ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ എളുപ്പത്തില്‍ കണ്ടെത്താൻ സാധിക്കുമെന്നതാണ് ആപ്പിന്റെ പ്രധാന സവിശേഷത.

 

ഓരോ ശുചിമുറി കേന്ദ്രത്തിന്റെയും പ്രവർത്തന സമയം, അവിടത്തെ സൗകര്യങ്ങളായ പാർക്കിംഗ് തുടങ്ങിയവയും ഉപയോക്താക്കളുടെ റേറ്റിംഗുകളും ആപ്പിലൂടെ തത്സമയം അറിയാൻ സാധിക്കും. ഫ്രൂഗല്‍ സയന്റിഫിക് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക സഹകരണത്തോടെയാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.

 

സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര പാതകളെയും ദേശീയ പാതകളെയും കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. വരും മാസങ്ങളില്‍ കൂടുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സ്വകാര്യ പങ്കാളികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് കേരളത്തിലുടനീളം ഈ സേവനം വ്യാപിപ്പിക്കും.

 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദീർഘദൂര യാത്രക്കാർക്കും ഒരുപോലെ ആശ്വാസമാകുന്ന ഈ ഡിജിറ്റല്‍ സംവിധാനം, കേരളത്തെ ഒരു മികച്ച ശുചിത്വ സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായി ആഗോളതലത്തില്‍ ഉയർത്തുന്നതിനും ഈ സംരംഭം വലിയ രീതിയില്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.

 

 


Share
Copyright © All rights reserved. | Newsphere by AF themes.