കൂമനെ ആക്രമിച്ച കടുവയെ തിരിച്ചറിഞ്ഞിട്ടില്ല, കൂട് വെച്ച് പിടികൂടും ; കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് വനംവകുപ്പ്
പുൽപ്പള്ളി : വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച കൂമന്‍ എന്ന മാരന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കേരളസര്‍ക്കാര്‍. കൂമന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് വനംവകുപ്പ് അറിയിച്ചു. ആറുലക്ഷം രൂപ ഇന്ന് തന്നെ കൈമാറും.
ആദിവാസികള്‍ക്കുള്ള ഗ്രൂപ്പ് ഇന്‍ഷുറന്‍സ് തുകയും ലഭ്യമാക്കും. മകന് താത്കാലിക ജോലി നല്‍കുമെന്ന് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എം ജോഷില്‍ പറഞ്ഞു.
ഏത് കടുവയാണ് കൂമനെ ആക്രമിച്ചതെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കടുവയെ കൂട് വെച്ച് പിടികൂടാനുള്ള നടപടി തുടങ്ങുമെന്നും ജോഷില്‍ പറഞ്ഞു.
പുല്‍പ്പള്ളിക്കടുത്തു ദേവര്‍ഗദ്ദ മാടപ്പള്ളി ഉന്നതിയിലെ കൂമനെ വയനാട് വന്യജീവി സങ്കേതത്തിലെ വണ്ടിക്കടവ് വനത്തില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു കടുവ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കൂമനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
കടുവയെ തിരിച്ചറിയുന്നതിന് വനത്തിനകത്ത് വിവിധ സ്ഥലങ്ങളില്‍ കാമറകള്‍ ഉടന്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എല്ലാ ഉന്നതികളില്‍ താമസിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശവും ആവശ്യമായ സംരക്ഷണവും നല്‍കാന്‍ വനം ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചതായും മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.
സഹോദരിയോടൊപ്പം പുഴയോരത്ത് വനമേഖലയോട് ചേര്‍ന്ന് വിറക് ശേഖരിക്കാന്‍ പോയ സമയത്താണ് കടുവ ആക്രമിച്ചത്. വനപാലകരെ ഉടന്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നാട്ടുകാരും വനപാലകരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ടു കിലോമീറ്റര്‍ മാറി കാട്ടിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ കുറിച്ചിയാട് റേഞ്ചില്‍ പെട്ട പ്രദേശമാണിത്. തോളിലാണ് കടിയേറ്റത്.
