ചേകാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്
പുൽപ്പള്ളി : ചേകാടി – കുറുവ റോഡില്‍ ബൈക്ക് യാത്രികനെ കാട്ടാന ആക്രമിച്ചു. കുറുവ ചെറിയാമല ഉന്നതിയിലെ രമേഷ് (40) നെയാണ് കാട്ടാന ആക്രമിച്ചത്. മരം വലിക്കുന്ന തൊഴിലാളിയായ രമേഷ് ബൈക്കില്‍ വീട്ടിലേക്ക് പോകുന്ന വഴിക്ക് ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. റോഡില്‍ കാട്ടാനയെ കണ്ട രമേഷ് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാട്ടാന പുറകെ പാഞ്ഞടുക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ജീവരക്ഷാര്‍ത്ഥം വനത്തിനുള്ളിലേക്ക് ഓടിയ രമേഷ് ഒരു കുഴിയില്‍ വീഴുകയും പുറകെ വന്ന കാട്ടാന ചെറുതായി ദേഹത്ത് തട്ടിയതായും അവര്‍ പറഞ്ഞു. തുടര്‍ന്ന് ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും കാട്ടാന വനത്തിലേക്ക് പോയി. ഉടന്‍ തന്നെ നാട്ടുകാര്‍ രമേഷിനെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരിക്കുകള്‍ അതീവ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
