November 17, 2025

വീണ്ടും മഴ വരുന്നു : പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു ; കേരളത്തില്‍ രണ്ടുദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

Share

 

ചെറിയൊരു ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും മഴ ശക്തമാകാൻ സാധ്യത. അടുത്ത രണ്ടുദിവസം കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതാണ് മഴക്ക് കാരണമാകുന്നത്.

 

ഇന്നലെ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്ക് സമീപം ആണ് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുള്ളത്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് ദിവസങ്ങളിലേക്ക് കേരളത്തിലെ വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

 

നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും, 19ന് കോട്ടയം, ഇടുക്കി ജില്ലകളിലും 20ന് പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ഇടിമിന്നലിലും ജാഗ്രത വേണം എന്നും മുന്നറിയിപ്പുണ്ട്. അതേസമയം കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.


Share
Copyright © All rights reserved. | Newsphere by AF themes.