November 16, 2025

വ്യാജ ട്രേഡിങ് : ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ 

Share

 

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട് സൈബർ പൊലീസ് ഇൻസ്‌പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം താനൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. ടെലഗ്രാമിൽ പാർട്ട്‌ ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാം എന്ന പരസ്യം നൽകി 2024 ഫെബ്രുവരിയിൽ വെള്ളമുണ്ട സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിലാണ് അറസ്റ്റ്. ഇയാളെ റിമാൻഡ് ചെയ്തു.

 

പല ടാസ്കുകൾ നൽകി ലാഭം ലഭിച്ചതായി വ്യാജ ആപ്പുകളിലൂടെ കാണിച്ച് പരാതിക്കാരനെ തട്ടിപ്പുകാർ വലിയ സംഖ്യ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. പിന്നീട് ലാഭവും മുതലും പിൻവലിക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും ഇവർ പണം ആവശ്യപ്പെടുകയാണുണ്ടായത്. തട്ടിപ്പാണെന്ന് മനസിലായ പരാതിക്കാരൻ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്യുകയായിരുന്നു.

 

തുടർന്ന്, കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ വയനാട് സൈബർ പൊലീസ് കഴിഞ്ഞ വർഷം ഒക്ടോബറിൽ താനൂർ സ്വദേശിയായ ഫഹദിനെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് താഹിറിനാണ് പണം കൈമാറ്റം ചെയ്തത് എന്ന് വ്യക്തമായത്. പോലീസന്വേഷണം തനിക്കെതിരെയാണെന്ന് മനസിലാക്കിയ പ്രതി ഒളിവിൽ പോകുകയായിരുന്നു.

 

മറ്റൊരു കേസിൽ കഴിഞ്ഞ മാസം താനൂർ പോലീസ് ഇയാളെ പിടികൂടിയിരുന്നു. കാറിൽ യാത്ര ചെയ്യുകയായിരുന്ന താഹിറിനെ, കാറിലുണ്ടായിരുന്ന 33 ഓളം ATM കാർഡുകളും, 10 ഓളം ചെക്ക് ബുക്ക്‌, ബാങ്ക് പാസ്സ്‌ബുക്കുകളും, നാല് മൊബൈൽ ഫോണുകളുമടക്കമാണ് താനൂർ പോലീസ് ഇയാളെ പിടികൂടിയത്. പിന്നീട് ഇയാൾ താനൂർ ഉള്ളതായ വിവരം ലഭിച്ച വയനാട് സൈബർ പൊലീസ് താനൂരിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.ഐ ജലീൽ, എ.എസ്.ഐ ഹാരിസ്, സിവിൽ പോലീസ് ഓഫീസർമാരായ ഷൈജൽ, മുഹമ്മദ്‌ അനീസ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.


Share
Copyright © All rights reserved. | Newsphere by AF themes.