നാമനിര്‍ദേശ പത്രിക നൽകുന്ന സ്ഥാനാര്‍ത്ഥികള്‍ അറിയേണ്ടത്
കൽപ്പറ്റ : സംസ്ഥാനത്ത് പൊതു തെരഞ്ഞെടുപ്പിനായി നാളെ (നവംബര്‍ 14) തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം ചെയ്യും. സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്നു മുതല്‍ നാമനിര്‍ദേശ പത്രികകളും സ്വീകരിക്കും. നവംബര്‍ 21 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22 ന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി നവംബര്‍ 24 ആണ്. സംസ്ഥാനത്ത് ഡിസംബര്‍ 9, 11 തിയതികളില്‍ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും രണ്ടാംഘട്ടത്തില്‍ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് നടക്കും.
ജില്ലാ കളക്ടറാണ് ജില്ലാ പഞ്ചായത്ത് വരണാധികാരി. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയ്ക്ക് ഒന്ന് വീതവും മുനിസിപ്പാലിറ്റി കോര്‍പ്പറേഷനുകള്‍ക്ക് വാര്‍ഡുകളുടെ എണ്ണത്തിനനുസരിച്ച് ഒന്നിലധികവും വരണാധികാരികള്‍ ഉണ്ടാവും. നിശ്ചിത ദിവസങ്ങളില്‍ രാവിലെ 11 നും വൈകിട്ട് മൂന്ന് വരെയും പത്രിക സമര്‍പ്പിക്കാം. നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സ്ഥാവര ജംഗമ സ്വത്തുക്കളുടെയുംബാധ്യത, കുടിശ്ശികയുടെയുംക്രിമിനല്‍ കേസുകളുടെയും വിശദവിവരങ്ങള്‍ നല്‍കണം. ഗ്രാമപഞ്ചായത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി നിക്ഷേപമായി 2,000 രൂപയും ബ്ലോക്ക് പഞ്ചായത്ത്,മുനിസിപ്പാലിറ്റിയില്‍ 4,000 രൂപയും ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനിലും 5,000 രൂപയും കെട്ടിവെയ്ക്കണം. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗകാര്‍ക്ക് നിശ്ചിത തുകയുടെ പകുതി മതിയാകും.
നോമിനേഷന്‍ നല്‍കുന്ന ദിവസം സ്ഥാനാര്‍ത്ഥിക്ക് 21 വയസ്സ് പൂര്‍ത്തിയായിരിക്കണം. പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണ വാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ ബന്ധപ്പെട്ട അധികാരിയില്‍ നിന്നും ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വരണാധികാരിയുടെയോ കമ്മീഷന്‍ അധികാരപ്പെടുത്തിയ ഓഫീസറുടെയോ മുമ്പാകെ നിശ്ചിത ഫോറമനുസരിച്ച് സത്യപ്രതിജ്ഞയോ ദൃഡപ്രതിജ്ഞയോ നടത്തി ഒപ്പിടണം. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുന്ന സ്ഥാനാര്‍ത്ഥിക്കൊപ്പം പോകുന്ന അകമ്പടി വാഹനങ്ങള്‍ക്ക് 100 മീറ്റര്‍ പരിധി വരെ മാത്രമെ പ്രവേശനം അനുവദിക്കൂ. വരണാധികാരിയുടെയോ ഉപവരണാധികാരിയുടെയോ മുമ്പാകെ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് വരണാധികാരിയുടെ റൂമിലേക്ക്സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് പ്രവേശനാനുമതിയുണ്ടാവൂ.
