November 13, 2025

പുല്‍പ്പള്ളിയില്‍ ഡോക്ടറെ മര്‍ദ്ദിച്ച രണ്ടുപേര്‍ അറസ്റ്റിൽ

Share

 

പുല്‍പ്പള്ളി : സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസി. സര്‍ജ്ജന്‍ ഡോ. ജിതിന്‍രാജിനെ ഡ്യൂട്ടിക്കിടെ മര്‍ദിച്ച സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. സംഭവശേഷം ഒളിവില്‍ പോയ പുല്‍പ്പള്ളി ആനപ്പാറ തയ്യില്‍ അമല്‍ ചാക്കോ (30), പെരിക്കല്ലൂര്‍ പാലത്തുപറമ്പ് മംഗലത്ത് പി.ആര്‍ രാജീവ് (31) എന്നിവരെ വ്യാഴാഴ്ച രാവിലെ വാടാനക്കവലയില്‍ നിന്നാണ് പിടികൂടിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേയുള്ള അതിക്രമം തടയല്‍ നിയമപ്രകാരവും, സംഘം ചേര്‍ന്ന് ആക്രമിച്ചതിന് ബിഎന്‍എസ് നിയമപ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവര്‍ രണ്ടുപേരും നിരവധി കേസുകളില്‍ പ്രതികളാണ്. അമല്‍ ചാക്കോ പുൽപള്ളി സ്റ്റേഷനിൽ അതിക്രമിച്ച് കടന്ന് അക്രമിച്ചു പരിക്കേല്‍പ്പിക്കല്‍, പൊതുഗതാഗതം തടസപ്പെടുത്തല്‍ തുടങ്ങിയ അഞ്ച് കേസുകളിലും, രാജീവ് പുൽപള്ളി മീനങ്ങാടി സ്റ്റേഷനുകളിൽ എന്‍.ഡി.പി.എസ്, അക്രമിച്ചു പരിക്കേൽപ്പിക്കൽ തുടങ്ങി അഞ്ച് കേസുകളിലും പ്രതികളാണ്.

 

10.11.2025 തിങ്കളാഴ്ചയായിരുന്നു സംഭവം. ഡ്യൂട്ടിക്കിടെ പ്രതികള്‍ സഹപ്രവര്‍ത്തകയായ ഡോക്ടറോട് കയര്‍ത്ത് സംസാരിച്ചത് ഡോ. ജിതിന്‍രാജ് ചോദ്യം ചെയ്ത വിരോധത്തിലായിരുന്നു അക്രമം. ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിയുടെ പുറത്തേക്ക് വരികയായിരുന്ന ഡോക്ടറെ ഇവര്‍ അസഭ്യം പറയുകയും കഴുത്തിനു കുത്തിപിടിച്ചും നെഞ്ചില്‍ കൈകൊണ്ട് ഇടിച്ചും കാല്‍ കൊണ്ട് ചവിട്ടിയും കൈ വിരല്‍ പിടിച്ച് തിരിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവത്തില്‍ ഡോക്ടറുടെ ഇടതു കൈയുടെ ചെറുവിരലിന് പൊട്ടലുണ്ടായി സാരമായി പരിക്കേറ്റു. ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ കെ.വി മഹേഷ്‌ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.


Share
Copyright © All rights reserved. | Newsphere by AF themes.