November 10, 2025

ഹൈവേ റോബറി : പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ അതിസാഹസികമായി പിടികൂടി വയനാട് പോലീസ്

Share

 

ബത്തേരി: എസ്.ഐയെ ആക്രമിച്ച് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട ഹൈവേ കവര്‍ച്ചാ കേസ് പ്രതിയെ സംയുക്ത ഓപ്പറേഷനിലൂടെ അതിസാഹസികമായി പിടികൂടി പോലീസ്. തൃശൂര്‍, ചെന്ത്രാപ്പിന്നി, തട്ടാരത്തില്‍ അപ്പു എന്ന സുഹാസ്(40)നെയാണ് തൃശൂരിലെ താന്നിശ്ശേരിയിൽ നിന്ന് ഇന്നലെ വൈകിട്ടോടെ എസ്.ഐ രാംകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട് വളഞ്ഞ് മതിയായ ബലപ്രയോഗത്തിലൂടെ പിടികൂടിയത്. കവർച്ചക്ക് ശേഷം ഒളിവിലായിരുന്ന സുഹാസിനെ പിടികൂടി ബത്തേരി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു വരുമ്പോള്‍ മെഡിക്കല്‍ കോളജിനടുത്ത് ചേവായൂരില്‍ നിന്നാണ് വെള്ളിയാഴ്ച ചാടി രക്ഷപ്പെട്ടത്. തുടർന്ന്, ഇയാൾ കെട്ടിട തൊഴിലാളികളുടെ കൂടെ ഒളിവിൽ താമസിച്ചു വരുകയായിരുന്നു.

 

വിവിധ സംഘങ്ങളായി കേരള, കര്‍ണാടക, തമിഴ്‌നാട് ഭാഗങ്ങളില്‍ സംയുക്താമയി ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘം തെരച്ചില്‍ നടത്തി വരുകയായിരുന്നു. വധശ്രമം, കവര്‍ച്ച, ദേഹോപദ്രവം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുള്‍ ഷെരീഫിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ ശ്രീകാന്ത് എസ്. നായര്‍, എം.എ സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍.


Share
Copyright © All rights reserved. | Newsphere by AF themes.