November 4, 2025

സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണ നടപടികള്‍ക്ക് തുടക്കം ; ബിഎല്‍ഒമാര്‍ ഇന്നു മുതല്‍ വീടുകളിലെത്തും

Share

 

സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്‍കരണത്തിന്റെ (എസ്‌ഐആർ) ഭാഗമായുള്ള നടപടികള്‍ക്ക് ഇന്നു തുടക്കം.വോട്ടർമാരുടെ വിവര ശേഖരണത്തിനായി ബിഎല്‍ഒമാർ ഇന്നു മുതല്‍ വീടുകളിലെത്തിത്തുടങ്ങും. വീടുവീടാന്തരമുള്ള കണക്കെടുപ്പ് നവംബർ 4 മുതല്‍ ഡിസംബർ 4 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്.

 

ഡിസംബർ 9 നാണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഡിസംബർ 9 മുതല്‍ 2026 ജനുവരി 8 വരെ എതിർപ്പുകളോ പരാതികളോ ഉണ്ടെങ്കില്‍ സമർപ്പിക്കാൻ അവസരം ഉണ്ട്. പരാതികളുടെ പരിഹാരവും സ്ഥിരീകരണവും ഡിസംബർ 9 നും ജനുവരി 31 നും ഇടയില്‍ നടക്കും. ഫെബ്രുവരി 7 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്. രണ്ടാംഘട്ട എസ്‌ഐആറിനായി ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഒക്ടോബർ 28 മുതല്‍ ആരംഭിച്ചിരുന്നു.

 

കേരളത്തിനു പുറമേ, ലക്ഷദ്വീപ്, തമിഴ്നാട്, ആൻഡമാൻ നിക്കോബാർ, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും ഇന്നു മുതല്‍ രണ്ടാം ഘട്ടത്തിലായി 51 കോടിയോളം വോട്ടർമാരുടെ പട്ടിക പുതുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. ഇതില്‍, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് എസ്‌ഐആർ തുടങ്ങുന്നത്.

 

വോട്ടർ പട്ടിക പുതുക്കുന്നതിനായുള്ള പ്രക്രിയയാണ് വോട്ടർ പട്ടിക പരിഷ്കരണം. നിയമപ്രകാരം, ഓരോ തിരഞ്ഞെടുപ്പിനും മുമ്ബോ അല്ലെങ്കില്‍ ആവശ്യാനുസരണമോ വോട്ടർ പട്ടിക പരിഷ്കരിക്കേണ്ടതുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു. വോട്ടർ പട്ടികയില്‍ ഉള്‍പ്പെട്ട മരിച്ച വോട്ടർമാർ, താമസം മാറിയവര്‍, ഒന്നിലധികം തവണ പട്ടികയില്‍ ഇടംപിടിച്ചവര്‍, പൗരന്‍മാര്‍ അല്ലാത്തവര്‍ എന്നിവരുടെ പേരുകള്‍ ഒഴിവാക്കി യോഗ്യരായ എല്ലാ വോട്ടര്‍മാരെയും പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് എസ്‌ഐആറിന്റെ ലക്ഷ്യം. 21 വർഷങ്ങള്‍ക്ക് മുമ്ബ് 2002 നും 2004 നും ഇടയിലാണ് രാജ്യത്ത് അവസാനമായി വോട്ടർ പട്ടിക പരിഷ്കരണം നടന്നത്.

 

ബൂത്തുതല ഓഫീസർമാർ(ബിഎല്‍ഒ) ഇന്നുമുതല്‍ വീടുകള്‍ കയറി എന്യൂമറേഷൻ ഫോം വിതരണം ചെയ്യും. നവംബർ നാല് മുതല്‍ ഡിസംബർ നാല് വരെയാണ് ബൂത്ത് ലെവല്‍ ഓഫീസർമാർ ഫോം വിതരണം ചെയ്യുക. ബിഎല്‍ഒമാർ വിതരണം ചെയ്യുന്ന ഫോം വോട്ടർമാർ 2003 ലെ വോട്ടർ പട്ടികയുമായി താരതമ്യം ചെയ്ത് പേരുകള്‍ ഉണ്ടോയെന്ന് ഉറപ്പാക്കണം. പേരുകള്‍ ഉണ്ടെങ്കില്‍ വോട്ടർമാർ മറ്റ് രേഖകളൊന്നും സമർപ്പിക്കേണ്ടതില്ല. 2002-ലെ വോട്ടർ പട്ടികയില്‍ ഇല്ലെങ്കില്‍ ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിക്കാൻ, തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്ന, 12 രേഖകളില്‍ ഒന്ന് സമർപ്പിച്ചാല്‍ മാത്രമേ, വോട്ടവകാശം പുനസ്ഥാപിക്കാനാകൂ. എന്യൂമറേഷൻ പ്രക്രിയ ഡിസംബർ നാലുവരെയാണ്. ഡിസംബർ ഒമ്ബതിന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. തുടർന്ന് ഒരുമാസം കരട് പട്ടികയ്ക്കുമേല്‍ ആക്ഷേപങ്ങളും പരാതികളും ബോധിപ്പിക്കാം.


Share
Copyright © All rights reserved. | Newsphere by AF themes.