ഉംറ വിസ നിയമത്തില്‍ മാറ്റം: ഇഷ്യൂ ചെയ്ത് ഒരുമാസത്തിനകം സൗദിയില്‍ എത്തിയില്ലെങ്കില്‍ അസാധു
 
        
റിയാദ് : ഉംറ തീർത്ഥടകരുടെ എൻട്രി വിസയുടെ കാലാവധി സൗദി അറേബ്യ ഒരു മാസമായി കുറച്ചു. മുൻപ് ഉണ്ടായിരുന്ന മൂന്ന് മാസത്തെ വിസാ സാധുത ഇനി മുതൽ വിസാ അനുവദിച്ച തീയതി മുതൽ ഒരു മാസം മാത്രമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
പുതിയ ഉംറ വിസാ നിബന്ധനകൾ പ്രകാരം, വിസ ഇഷ്യൂ ചെയ്ത തീയതി മുതൽ 30 ദിവസത്തിനുള്ളിൽ തീർത്ഥാടകർ സൗദിയിൽ പ്രവേശന രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത പക്ഷം ആ വിസ സ്വയമേവ റദ്ദാക്കപ്പെടും. എന്നാൽ തീർത്ഥാടകന് സൗദിയിലെത്തിക്കഴിഞ്ഞാൽ മൂന്ന് മാസം (90 ദിവസം) വരെ രാജ്യത്ത് തങ്ങാമെന്നുള്ള നിലവിലുള്ള നിയമത്തിൽ മാറ്റമില്ല.
അടുത്ത ആഴ്ച മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‌അറബിയ റിപ്പോർട്ട് ചെയ്തു. ഗള്‍ഫ് മേഖലയിയിലെ ചൂട് കുറഞ്ഞതിനെ തുടർന്ന് ഉംറ തീർഥാടകരുടെ വരവ് കുത്തനെ ഉയരുമെന്ന് കണക്കാക്കുന്നതിനാലാണ് ഈ തീരുമാനമെന്ന് നാഷണൽ കമ്മറ്റി ഫോർ ഉംറാ ആന്ഡ് വിസിറ്റിലെ ഉപദേഷ്ടാവ് അഹ്മദ് ബജൈഫർ പറഞ്ഞു.

 
                 
                 
                 
                 
                