വയനാട് സ്വദേശിനിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി ; ദുരൂഹതയാരോപിച്ച് കുടുംബം

കോഴിക്കോട് : യുവതിയെ ഭർതൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് കൈവേലിയിലാണ് സംഭവം. വയനാട് മേപ്പാടി സ്വദേശി കോട്ടത്തറ വയലില്‍ വീട്ടില്‍ പ്രിയ (27) ആണ് മരിച്ചത്.ഭർത്താവ് വിജിത്തിന്റെ കോഴിക്കോട് കൈവേലി ചമ്ബിലോറക്കടുത്ത് വെള്ളിത്തിറയിലെ വീടിനുള്ളിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പ്രിയയെ ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രിയയും വിജിനും നാലുവർഷം മുൻപാണ് വിവാഹിതരായത്. ദമ്ബതികള്‍ക്ക് ഒരു മകളുണ്ട്. മരണമറിഞ്ഞ് കുറ്റ്യാടി പൊലീസ് ആശുപത്രിയിലെത്തി. പിന്നാലെ പൊലീസ് അറിയിച്ചതിനെത്തുടർന്ന് വടകര തഹസില്‍ദാറും സ്ഥലത്തെത്തി. തഹസില്‍ദാറിന്റെ സാന്നിദ്ധ്യത്തിലാണ് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയത്. ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. തുടർന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
അതേസമയം, പ്രിയയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിരിക്കുകയാണ് കുറ്റ്യാടി പൊലീസ്.