October 20, 2025

ഗാസയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച്‌ വീണ്ടും ഇസ്രയേല്‍ ആക്രമണം : 45 പലസ്തീനികള്‍ കൊല്ലപ്പെട്ടു

Share

 

ഗാസ സിറ്റി: ഗാസയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച്‌ വീണ്ടും ഇസ്രയേലിന്റെ രൂക്ഷമായ ആക്രമണം. ഇസ്രയേല്‍ ഇന്നലെ നടത്തിയ വ്യോമാക്രമണങ്ങളില്‍ മാത്രം 45 പലസ്തീനികള്‍ കൊല്ലപ്പെട്ടു. നുസൈറത്തിലെ അഭയാര്‍ത്ഥി ക്യാംപായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിലാണ് ഇസ്രയേല്‍ ബോംബ് ആക്രമണം നടത്തിയത്. ഇസ്രയേല്‍ സൈന്യത്തിനുനേരെ ഹമാസിന്റെ ആക്രമണമുണ്ടായെന്നും രണ്ട് സൈനികര്‍ കൊല്ലപ്പെട്ടുവെന്നും ആരോപിച്ചാണ് ഇസ്രയേലിന്റെ ആക്രമണം.

 

എന്നാല്‍ ഹമാസ് ഇസ്രയേലിന്റെ ആരോപണം നിഷേധിച്ചു. ആക്രമണം നടത്താനായി ഇസ്രയേല്‍ നിരന്തരം ഇത്തരം ആരോപണങ്ങളുന്നയിക്കുകയാണെന്നാണ് ഹമാസ് പറയുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടാണ് ഇസ്രയേലിന്റെ ആക്രമണം. ഇസ്രയേലും ഹമാസും തമ്മിലുളള വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിനുശേഷം മാത്രം ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഗാസയില്‍ 97 പേര്‍ കൊല്ലപ്പെടുകയും 230 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ ഗാസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാവി സംബന്ധിച്ച്‌ ആശങ്ക ഉയരുകയാണ്.

 

 

ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച്‌ ഹമാസിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇസ്രയേല്‍ പ്രതിരോധ സേനയ്ക്ക് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിര്‍ദേശം നല്‍കിയിരുന്നു. ഇസ്രയേല്‍ നിയന്ത്രിത മേഖലയില്‍ ഹമാസ് വെടിവയ്പ്പ് നടത്തിയെന്ന് ആരോപിച്ച്‌ ഇസ്രയേല്‍ റഫയുള്‍പ്പെടെ ഗാസയിലെ നിരവധി മേഖലകളില്‍ ആക്രമണം നടത്തി.

 

 


Share
Copyright © All rights reserved. | Newsphere by AF themes.