റെക്കോഡില്‍ നിന്ന് രണ്ടാം ദിനവും സ്വര്‍ണവില താഴ്ന്നു : ഇന്ന് കുറഞ്ഞത് 680 രൂപ

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വര്‍ണ വില 85 രൂപ കുറഞ്ഞ് 10,490 രൂപയായി. പവന്‍ വില 680 രൂപ കുറഞ്ഞ് 83,920 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 80 രൂപ കുറഞ്ഞ് 8,620 രൂപയാണ്. വെള്ളിവില മാറ്റമില്ലാതെ 144 രൂപയില്‍ തുടരുന്നു.
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില കുറഞ്ഞു. ഫെഡറല്‍ റിസർവ് നയത്തെക്കുറിച്ചുള്ള കൂടുതല്‍ അപ്ഡേറ്റുകള്‍ അറിയുന്നതിനായി നിക്ഷേപകർ യുഎസ് സാമ്ബത്തിക ഡാറ്റയ്ക്കായി കാത്തിരുന്നതിനാലാണ് സ്വർണ വിലയില്‍ കയറ്റമില്ലാത്തത്. അതേസമയം, ദുർബലമായ ഡോളര്‍ സ്വര്‍ണത്തിന് പിന്തുണ നല്‍കുന്നു. ഡോളർ സൂചികയിലെ ഇടിവും യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് എത്തിയതും സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നു. കേന്ദ്ര ബാങ്കുകളുടെ ശക്തമായ വാങ്ങലുകളും ഇടിഎഫുകളിലേക്കുള്ള സുസ്ഥിരമായ ഒഴുക്കും സ്വര്‍ണത്തിന് കൂടുതല്‍ പിന്തുണ നല്‍കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3,734 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഒരു പവന്‍ ആഭരണത്തിന് നല്‍കേണ്ടത്
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 84,600 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ അതില്‍ കൂടുതല്‍ നല്‍കേണ്ടി വരും. പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവയും ചേര്‍ത്താണ് ആഭരണ വില നിശ്ചയിക്കുന്നത്. ഇതനുസരിച്ച് കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കിയാലും ഒരു പവന്‍ സ്വര്‍ണാഭരണത്തിന് ഇന്ന് 90,813 രൂപയ്ക്ക് മുകളിലാകും.
അതേസമയം സ്വര്‍ണ വില കയറിയാലും ഇറങ്ങിയാലും തങ്ങള്‍ക്ക് കാര്യമായ നേട്ടങ്ങളില്ലെന്നാണ് ജുവലറികള്‍ വ്യക്തമാക്കുന്നത്.