October 5, 2025

ഡിഗ്രിക്കാർക്ക് വൻ അവസരം : കാനറാ ബാങ്കില്‍ 3500 ഓളം ഒഴിവുകൾ

Share

 

ഇന്ത്യയിലുടനീളമുള്ള 3,500 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച്‌ കാനറ ബാങ്ക്. താല്‍പ്പര്യമുള്ളവരും യോഗ്യരുമായവർക്ക് ഒക്ടോബര്‍ 12 വരെ ഔദ്യോഗിക വെബ്സൈറ്റായ canarabank.com സന്ദര്‍ശിച്ച്‌ അപേക്ഷ സമര്‍പ്പിക്കാം. അവസാന തിയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. അതിനാല്‍ അപേക്ഷകര്‍ ആദ്യം 100% പൂര്‍ണ്ണമായ പ്രൊഫൈലോടെ അപ്രന്റീസ്ഷിപ്പ് പോര്‍ട്ടലില്‍ (www.nats.education.gov.in) രജിസ്റ്റര്‍ ചെയ്യണം.

 

അപേക്ഷകരുടെ പ്രായപരിധി 20 വയസിനും 28 വയസിനും ഇടയില്‍ ആയിരിക്കണം (2025 സെപ്റ്റംബര്‍ 01 വരെ). എസ് സി / എസ് ടി, ഒ ബി സി, ഭിന്നശേഷിക്കാര്‍, വിധവകള്‍, മറ്റ് വിഭാഗങ്ങള്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിച്ച്‌ പ്രായപരിധിയില്‍ ഇളവുകള്‍ ബാധകമാണ്. ജനറല്‍ / ഒബിസി / ഇഡബ്ല്യുഎസ് വിഭാഗക്കാര്‍ക്ക് 500 രൂപയാണ് അപേക്ഷ ഫീസ്.

 

എസ്സി / എസ്ടി / ഭിന്നശേഷിക്കാര്‍ എന്നിവരില്‍ നിന്ന് അപേക്ഷ ഫീസ് ഈടാക്കുന്നതല്ല. അപേക്ഷ ഫീസ് ഓണ്‍ലൈന്‍ മോഡ് വഴി മാത്രമെ സ്വീകരിക്കൂ.

 

ജനറല്‍ വിഭാഗത്തില്‍ 1534 ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒബിസി വിഭാഗത്തില്‍ 845, ഇ ഡബ്ല്യു എസ് വിഭാഗത്തില്‍ 337, എസ് സി വിഭാഗത്തില്‍ 557, എസ് ടി വിഭാഗത്തില്‍ 227 എന്നിങ്ങനെയാണ് ഒഴിവുകള്‍.

 

അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉള്ളവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ 2022 ജനുവരി 01 നും 2025 സെപ്റ്റംബര്‍ 01 നും ഇടയില്‍ വിജയിച്ചിരിക്കണം. അപേക്ഷകര്‍ക്ക് പ്രാദേശിക ഭാഷാ പരീക്ഷ പരിജ്ഞാനം ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ കാനറ ബാങ്ക് ആവശ്യകതകള്‍ അനുസരിച്ച്‌ മെഡിക്കല്‍ ഫിറ്റ്‌നസ് ഉള്ളവരായിരിക്കണം.

 

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപ്രന്റീസ്ഷിപ്പ് പരിശീലന കാലയളവില്‍ പ്രതിമാസം 15,000 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. അപ്രന്റീസുകള്‍ക്ക് മറ്റ് അലവന്‍സ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ല. കാനറ ബാങ്ക് പ്രതിമാസം 10,500 രൂപ അപ്രന്റീസസ് അക്കൗണ്ടിലേക്ക് നല്‍കും. നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, 4500 രൂപ സ്‌റ്റൈപ്പന്‍ഡിന്റെ സര്‍ക്കാര്‍ വിഹിതം അപ്രന്റീസസ് ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യും.

 

തസ്തിക, നിയമനം, സ്റ്റൈപ്പന്റ് എന്നിവ സംബന്ധിച്ച്‌ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ കാനറ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഔദ്യോഗിക അറിയിപ്പ് ശ്രദ്ധാപൂര്‍വ്വം വായിക്കുക. എല്ലാ രജിസ്‌ട്രേഷനും അപേക്ഷാ ഘട്ടങ്ങളും നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കണം.

 

 


Share
Copyright © All rights reserved. | Newsphere by AF themes.