ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനക്കും ബ്രസീലിനും തോല്‍വി

2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ബ്രസീലിനും അർജന്റീനക്കും തോല്‍വി. അർജന്റീനയെ ഇക്വാഡോറും ബൊളീവിയയെ ബ്രസീലും ആണ് പരാജയപ്പെടുത്തിയത്.
ഇരുടീമുകളും എതിരില്ലാത്ത ഒരു ഗോളുകള്‍ക്കാണ് പരാജയം ഏറ്റുവാങ്ങിയത്.
അർജന്റീനക്കെതിരായ മത്സരത്തില്‍ ഇക്വഡോറിനായി എനർ വലലൻസിയയാണ് വിജയ ഗോള്‍ നേടിയത്. മത്സരത്തിന്റെ ആദ്യപകുതിയിലെ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി കൃത്യമായി ലക്ഷ്യത്തില്‍ എത്തിച്ചു കൊണ്ടായിരുന്നു താരം ഇക്വഡോറിന് വിജയം സമ്മാനിച്ചത്. ഇരു ടീമിലെയും ഓരോ താരങ്ങള്‍ ചുവപ്പുകാർഡ് കണ്ടു പുറത്തായിരുന്നു. ആദ്യ പകുതിയില്‍ നിക്കോളാസ് ഒട്ടമെന്റി അർജന്റീനയില്‍ നിന്നും റെഡ് കാർഡ് കണ്ടു പുറത്തായപ്പോള്‍ രണ്ടാം പകുതിയില്‍ ഇക്വഡോർ താരം മോയ്സസ് കൈസെഡോയും ചുവപ്പ് കാർഡ് കണ്ട് മടങ്ങി.
മത്സരത്തില്‍ 58 ശതമാനം ബോള്‍ പൊസഷൻ സ്വന്തമാക്കിയ അർജന്റീന എട്ട് ഷോട്ടുകള്‍ ആണ് ഇക്വഡോർ പോസ്റ്റിലേക്ക് ഉന്നം വെച്ചത്. എന്നാല്‍ ഇതില്‍ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലെത്തിക്കാൻ അർജന്റീനക്ക് സാധിച്ചില്ല. മറുഭാഗത്ത് 11 ഷോട്ടുകളില്‍ നിന്നും നാല് ഷോട്ടുകള്‍ ഇക്വഡോർ അർജന്റീനയുടെ പോസ്റ്റിലേക്ക് ഉതിർത്തു.
അതേസമയം ബ്രസീലിനെതിരായ മത്സരത്തില്‍ മിഗുവല്‍ ടെർസെറോസ് ആണ് ബോളീവിയക്കായി ഗോള്‍ നേടിയത്. മത്സരത്തിന്റെ ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റുകയായിരുന്നു താരം. 23 ഷോട്ടുകള്‍ ആയിരുന്നു ബൊളീവിയ ഇക്വഡോറിന്റെ പോസ്റ്റിലേക്ക് അടിച്ചത്. ഇതില്‍ 10 ഷോട്ടുകളും ഓണ്‍ ടാർഗറ്റിലേക്ക് ആയിരുന്നു. മറുഭാഗത്ത് 10 ഷോട്ടുകളില്‍ നിന്നും മൂന്ന് ഷോട്ടുകള്‍ മാത്രമേ ബ്രസീലിന് എതിർ ടീമിന്റെ പോസ്റ്റിലേക്ക് എത്തിക്കാൻ സാധിച്ചുള്ളൂ.
നിലവില്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് അർജന്റീന തന്നെയാണ്. 18 മത്സരങ്ങളില്‍ നിന്നും 12 വിജയവും രണ്ട് സമനിലയും നാലു തോല്‍വിയും അടക്കം 38 പോയിന്റുമായാണ് അർജന്റീന ഒന്നാം സ്ഥാനത്ത് തുടരുന്നത്.
മറുഭാഗത്ത് ബ്രസീല്‍ 18 മത്സരങ്ങളില്‍ നിന്നും എട്ടു വിജയവും നാല് സമനിലയും ആറ് തോല്‍വിയും അടക്കം 28 പോയിന്റോടെ അഞ്ചാം സ്ഥാനത്തുമാണ്. ഒക്ടോബർ 10ന് നടക്കുന്ന സൗഹൃദ മത്സരത്തില്‍ സൗത്ത് കൊറിയക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം. ഒക്ടോബർ 11ന് നടക്കുന്ന ഫ്രണ്ട്ലി മത്സരത്തില്‍ ബെനസ്വലയെയാണ് അർജന്റീന നേരിടുക.