ഏഷ്യാ കപ്പ് ടീമിനെ സൂര്യകുമാര്‍ നയിക്കും : ഗില്‍ വൈസ് ക്യാപ്റ്റൻ ; സഞ്ജു ടീമില്‍

ഡല്‍ഹി : ഏഷ്യാകപ്പ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15-അംഗ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. അഭിഷേക് ശർമ, തിലക് വർമ, റിങ്കു സിങ് എന്നിവരാണ് ടീമിലിടം പിടിച്ച മറ്റു ബാറ്റർമാർ. ഹാർദിക് പാണ്ഡ്യ, ശിവം ദുബൈ, അക്ഷർ പട്ടേല്‍ എന്നിവരാണ് ഓള്‍റൗണ്ടർമാർ. സഞ്ജുവിന് പുറമേ ജിതേഷ് ശർമയും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. സൂപ്പർതാരം ജസ്പ്രീത് ബുംറയാണ് പേസ് നിരയെ നയിക്കുന്നത്. അർഷ്ദീപ് സിങ്ങും ഹർഷിത് റാണയുമാണ് മറ്റുപേസർമാർ. വരുണ്‍ ചക്രവർത്തി, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലെ സ്പിന്നർമാർ.
അതേസമയം ടീമിലിടം പിടിക്കുമെന്ന് കരുതിയ ശ്രേയസ്സ് അയ്യർ, യശസ്വി ജയ്സ്വാള്‍, മുഹമ്മദ് സിറാജ് എന്നിവർ 15-അംഗ പട്ടികയിലില്ല.
ടി20 ഫോർമാറ്റിലുള്ള ഇത്തവണത്തെ ഏഷ്യാ കപ്പ് ടൂർണമെന്റ് യുഎഇയിലാണ് നടക്കുന്നത്. സെപ്റ്റംബർ ഒമ്ബതിന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഫൈനല്‍ 28-നാണ്. ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂർണമെന്റില്‍ ആകെ 19 മത്സരങ്ങളാണുണ്ടാവുക.
ഇന്ത്യയും പാകിസ്താനും യുഎഇയും ഒമാനും ഒരേ ഗ്രൂപ്പിലാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ രണ്ടാമത്തെ ഗ്രൂപ്പിലും. ഓരോ ഗ്രൂപ്പില്‍നിന്നും രണ്ടു ടീമുകള്‍ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടും. സൂപ്പർ ഫോറില്‍ ഓരോ ടീമും മറ്റ് മൂന്ന് ടീമുകളുമായി ഓരോ തവണ ഏറ്റുമുട്ടും. ഇതില്‍ മികച്ച രണ്ട് ടീമുകള്‍ ഫൈനലില്‍ കളിക്കും.