കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് : വയനാട് ഉൾപ്പെടെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വടക്കന്‍ ജില്ലകളിലാണ് അതി ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രഖ്യാപിച്ചിട്ടുള്ളത്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളില്‍ നിലവില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നദികളിലും ഡാമുകളിലും അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരപ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുക.