ഹേമചന്ദ്രൻ വധക്കേസിൽ ഒരാള്‍ കൂടി പിടിയില്‍ : കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി

ബത്തേരി : ഹേമചന്ദ്രൻ കൊലക്കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ബത്തേരി സ്വദേശി വെല്‍ബിൻ മാത്യു ആണ് പിടിയിലായത്. ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഹേമചന്ദ്രന്റെ കാറും ബൈക്കും പോലീസ് ബത്തേരിയില്‍ നിന്നും കണ്ടെടുത്തു.
2024 മാർച്ചിലാണ് ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. സാമ്ബത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കള്ളപ്പണ ഇടപാടുകളും വാഹനമോഷണവും അടക്കമുള്ള വലിയ ഇടപാടുകള്‍ കൊലപാതകത്തിനു പിന്നിലുണ്ടെന്നാണ് പോലീസിന്റെ അനുമാനം.
തമിഴ്നാട്ടിലെ ചേരമ്ബാടി റിസർവ് വനത്തില്‍ കുഴിച്ചിട്ടനിലയില്‍ ഹേമചന്ദ്രന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ക്രൂരമായ മർദനത്തിനുശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. ഹേമചന്ദ്രൻ തൂങ്ങിമരിച്ചതാണെന്നും അങ്ങനെ കണ്ടപ്പോള്‍ മൃതദേഹം കുഴിച്ചിടു കമാത്രമാണ് ചെയ്തതെന്നുമായിരുന്നു മുഖ്യപ്രതി നൗഷാദിന്റെ ആദ്യ മൊഴി.
നൗഷാദിന് പുറമെ ജ്യോതിഷ്കുമാർ, അജേഷ്, വൈശാഖ് എന്നിവരാണ് നേരത്തേ അറസ്റ്റിലായത്. കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്ത് മായനാട്ടെ വാടകവീട്ടില്‍ രണ്ടുവർഷത്തോളമായി താമസിക്കുകയായിരുന്ന ബത്തേരി സ്വദേശി ഹേമചന്ദ്രനെ 2024 മാർച്ച് 20-നാണ് കാണാതായത്. മാർച്ച് 22-ന് കൊലപ്പെടുത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.