കേരളത്തില്‍ എയ്ഡ്സ് ബാധിതരാകുന്ന യുവാക്കളുടെ എണ്ണം വര്‍ധിക്കുന്നു ; സിറിഞ്ചും ടാറ്റു ചെയ്യാൻ ഉപയോഗിക്കുന്ന സൂചിയുമെല്ലാം രോഗം പടർത്തുന്നു

കേരളത്തില്‍ എയ്ഡ്സ് ബാധിതരാകുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്നെന്ന് റിപ്പോർട്ട്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിന് പുറമേ, മയക്കുമരുന്നുകള്‍ കുത്തിവെയ്ക്കാൻ ഉപയോഗിക്കുന്ന സിറിഞ്ചും ടാറ്റു ചെയ്യാൻ ഉപയോഗിക്കുന്ന സൂചിയുമെല്ലാം എച്ച്‌ഐവി പടർത്തുന്നു എന്നാണ് റിപ്പോർട്ട്. മയക്കുമരുന്നു സിറിഞ്ച്, അണുബാധയുള്ള ടാറ്റൂ സൂചി എന്നിവയുടെ ഉപയോഗവും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധവുമാണ് യുവാക്കളില്‍ എച്ച്‌ഐവി കൂടാൻ കാരണമെന്ന് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു.
2024-25-ല്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 14 ശതമാനം പേർ പത്തൊൻപത് വയസിനും ഇരുപത്തഞ്ച് വയസിനും ഇടയില്‍ പ്രായമുള്ളവരാണ്. ഈ കാലയളവില്‍ സംസ്ഥാനത്ത് 1213 പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 197 പേർ പത്തൊൻപത് വയസിനും ഇരുപത്തഞ്ച് വയസിനും ഇടയില്‍ പ്രായമുള്ളവരെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് എയ്ഡ്സ് ബാധിതർ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്.
2021-22 കാലയളവില്‍ പത്തൊൻപത് വയസിനും ഇരുപത്തഞ്ച് വയസിനും ഇടയില്‍ പ്രായമുള്ള 76 പേർക്കാണ് കേരളത്തില്‍ എച്ച്‌ഐവി ബാധ കണ്ടെത്തിയത്. 2022 – 23 ആയപ്പോള്‍ പത്തൊൻപത് വയസിനും ഇരുപത്തഞ്ച് വയസിനും ഇടയില്‍ പ്രായമുള്ള 131 പേർക്ക് എയ്ഡ്സ് ബാധ സ്ഥിരീകരിച്ചു. 2023 – 24ല്‍ പത്തൊൻപത് വയസിനും ഇരുപത്തഞ്ച് വയസിനും ഇടയില്‍ പ്രായമുള്ള 181 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. 2024 – 25 ആയപ്പോള്‍ 197 യുവാക്കളില്‍ എയ്ഡ്സ് രോഗബാധ സ്ഥിരീകരിച്ചു.
സമഗ്ര ആരോഗ്യസുരക്ഷ യുവാക്കളിലൂടെ (യുവജാഗരണ്‍) എന്ന കാംപെയ്‌നിലൂടെ ബോധവത്കരണപ്രചാരണം ഊർജിതമാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഹയർസെക്കൻഡറി സ്കൂളുകളിലും കോളേജുകളിലുമായി ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. നാഷണല്‍ സർവീസ് സ്കീമിന്റെ സഹകരണത്തോടെയാണ് ബോധവത്കരണം.