ദേശീയപാതകളില്‍ വാര്‍ഷിക ഫാസ് ടാഗ് : 3000 രൂപ മുടക്കിയാല്‍ 200 തവണ കടക്കാം ; ടോള്‍ നിരക്ക് 80 ശതമാനം വരെ കുറയ്ക്കും

ഡല്‍ഹി : ജോലിക്കോ മറ്റു യാത്രകള്‍ക്കുമയോ ദിവസേന ഹൈവേകളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു പുറത്തിറക്കാനിരിക്കുന്ന വാര്‍ഷിക ഫാസ്ടാഗ് പദ്ധതിയാണ് നിരന്തരം ടോള്‍ നല്‍കി യാത്ര ചെയ്യുന്നവര്‍ക്കു ഗുണം ചെയ്യുന്നത്. നിരന്തരം റീചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുന്നതിനൊപ്പം പണവും ലാഭിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. റോഡ് ട്രാന്‍സ്‌പോര്‍ട്ട്-ഹൈവേ മന്ത്രാലയമാണ് പദ്ധതിയുമായി മുന്നോട്ടു വരുന്നത്. ഓഗസ്റ്റ് 15ന് പദ്ധതി പ്രാബല്യത്തിലെത്തും.
3000 രൂപയ്ക്കു റീ ചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍ 200 തവണ ടോള്‍ കടക്കാന്‍ കഴിയുമെന്നതാണു പ്രത്യേകത. ഇതിലേതാണോ ആദ്യം എത്തുന്നത് അതാകും പരിഗണിക്കുക. എന്നാല്‍, വാണിജ്യ വാഹനങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ തുടങ്ങിയ വാഹനങ്ങള്‍ക്കു ലഭിക്കും.
ഇപ്പോള്‍ ഫാസ് ടാഗ് ഉപയോഗിക്കുന്നവര്‍ക്കു പുതിയ അക്കൗണ്ട് എടുക്കേണ്ടതില്ല. വാര്‍ഷിക പദ്ധതി നിലവിലെ അക്കൗണ്ടില്‍ ആക്ടിവേറ്റ് ചെയ്യാന്‍ കഴിയും. ദേശീയ പാതകള്‍, ദേശീയ എക്‌സ്പ്രസ്‌വേകള്‍, സംസ്ഥാന പാതകള്‍ എന്നിവിടങ്ങളിലെല്ലാം ഇത് ഉപയോഗിക്കാം. രാജ്മാര്‍ഗ് യാത്ര ആപ്പ്, എന്‍എച്ച്‌എഐ, എഒആര്‍ടിഎച്ച് വെബ്‌സൈറ്റുകള്‍ എന്നിവയിലൂടെ വാര്‍ഷിക പദ്ധതിയില്‍ ചേരാം. ഇതിനുള്ള ലിങ്ക് പദ്ധതി പ്രാബല്യത്തില്‍ എത്തിയാലുടന്‍ പ്രത്യക്ഷപ്പെടും. ഒരു വര്‍ഷത്തിനു മുമ്ബുതന്നെ 200 യാത്രകള്‍ പൂര്‍ത്തിയായാല്‍ വീണ്ടും വാര്‍ഷിക പദ്ധതിയായി റീചാര്‍ജ് ചെയ്യാനും കഴിയും.
നാലുമുതല്‍ എട്ടു ശതമാനംവരെ നഷ്ടം ഇതിലൂടെ ടോള്‍ ഓപ്പറേറ്റര്‍മാര്‍ക്കുണ്ടാകുമെന്ന ആശങ്ക റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതു സര്‍ക്കാര്‍ പരിഹരിക്കണമെന്നതാണ് ഇവരുടെ ആവശ്യം. നിലവില്‍ 70-80 രൂപ നല്‍കുന്ന ടോള്‍ പ്ലാസകളില്‍ 55-66 രൂപവരെ ശരാശരി നല്‍കിയാല്‍ മതിയാകും.
കേരളത്തില്‍ ടോള്‍ പ്ലാസകളില്‍ 90 രൂപവരെയാണ് ഈടാക്കുന്നത്. ഈ തുക ഉപയോഗിച്ച് 200 തവണ കടക്കണമെങ്കില്‍ 18,000 രൂപവരെ നല്‍കേണ്ടിവരും. എന്നാല്‍ 3000 രൂപ പരിധിയില്‍ ഉള്‍പ്പെടുന്നതോടെ 15 രൂപയ്ക്കു കടന്നുപോകാം. ശരാശരി 80 ശതമാനംവരെ ടോള്‍ നിരക്കു കുറയുമെന്നതു നല്‍കുന്ന ആശ്വാസം ചില്ലറയല്ല.