ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി അപേക്ഷാ തീയ്യതി നീട്ടി

കൽപ്പറ്റ : ന്യൂനപക്ഷ വിഭാഗത്തിൽപെട്ട വിധവകൾ, വിവാഹ ബന്ധം വേർപ്പെടുത്തിയവർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കായുള്ള ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്കുള്ള അപേക്ഷാ തീയ്യതി നീട്ടി. ഓഗസ്റ്റ് 20 വരെയാണ് അപേക്ഷ നൽകാനുള്ള നീട്ടിയ സമയം. മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈന മതവിഭാഗക്കാർക്ക് പദ്ധതിയിൽ ധനസഹായം ലഭിക്കും. ശരിയായ വിധത്തിലുള്ള ജനലുകൾ, വാതിലുകൾ, മേൽക്കൂര, ഫ്ളോറിങ്, ഫിനിഷിങ്, പ്ലംബിങ്, സാനിറ്റേഷൻ, ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം. വീടിന്റെ അറ്റകുറ്റ പ്രവൃത്തികൾക്ക് 50,000 രൂപയാണ് ലഭിക്കുക.
വീടിന്റെ പരമാവധി വിസ്തീർണ്ണം 1200 സ്ക്വയർ ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയാവണം . ബിപിഎൽ കുടുംബം, അപേക്ഷകയോ മക്കളോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷകർ എന്നിവർക്ക് മുൻഗണന ലഭിക്കും. സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാർ/വിവിധ ഏജൻസികളിൽ നിന്നും 10 വർഷത്തിനകം ഭവന നിർമ്മാണത്തിന് സഹായം ലഭിച്ചവർ എന്നിവർ അപേക്ഷിക്കേണ്ടതില്ല.
പ്രത്യേക അപേക്ഷാഫോം വഴിയാണ് അപേക്ഷ നൽകേണ്ടത്. 2025-26 വർഷം ഭൂമിയുടെ കരം ഒടുക്കിയ രസീത്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുും വീട് റിപ്പയർ ചെയ്യേണ്ടതിനും വീടിന്റെ വിസ്തീർണ്ണം 1200 സ്ക്വയർ ഫീറ്റിൽ കുറവാണെന്നതിനും വില്ലേജ് ഓഫീസർ/ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എൻജിനീയർ/ ബന്ധപ്പെട്ടവരിൽ നിന്നുള്ള സാക്ഷ്യപത്രവും നൽകണം. പൂരിപ്പിച്ച അപേക്ഷയും സർട്ടിഫിക്കറ്റുകളും കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ വിഭാഗത്തിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷൻ, കളക്ടറേറ്റ്, വയനാട് എന്ന വിലാസത്തിൽ തപാൽ മുഖേനയോ നൽകണം. അപേക്ഷഫോം www.minoritywelfare.kerala.gov.in ൽ. ഫോൺ: 04936 202251.