August 1, 2025

വയോജനങ്ങള്‍ക്ക് വീട്ടിലൊരു മുറി, ക്ഷേമപെൻഷൻ അവകാശം ; സംസ്ഥാനത്ത് നിയമം വരുന്നു

Share

 

തിരുവനന്തപുരം : വീട്ടിലൊരു മുറി വയോജനങ്ങള്‍ക്കായി നീക്കിവെക്കുന്നത് നിർബന്ധമാക്കി സംസ്ഥാനത്ത് നിയമം വരുന്നു.വയോജനക്ഷേമം ഉറപ്പാക്കാൻ സാമൂഹികനീതി വകുപ്പ് തയ്യാറാക്കിയ കരടു വയോജനനയത്തിലാണ് ഈ വ്യവസ്ഥ. ക്ഷേമപെൻഷൻ മുതിർന്നവരുടെ അവകാശമായി കണക്കാക്കി സാമ്ബത്തികസ്ഥിരത ഉറപ്പാക്കുമെന്നും കരടുനയം പ്രഖ്യാപിച്ചു.

 

പുതുതായി നിർമിക്കുന്ന മൂന്നിലേറെ കിടപ്പുമുറികളുള്ള വീട്ടില്‍ ഒരു മുറി വയോജനസൗഹൃദമായിരിക്കണമെന്ന വ്യവസ്ഥയ്ക്ക് നിയമനിർമാണം നടത്തും. പ്രായമായവർക്ക് സൗകര്യമൊരുക്കാൻ സാമ്ബത്തികപ്രയാസമുള്ള കുടുംബങ്ങള്‍ക്ക് സബ്സിഡിയോടെ പാർപ്പിടനവീകരണ പദ്ധതിയും വരും.

 

അർഹരായ എല്ലാ മുതിർന്നപൗരർക്കും സാമൂഹികക്ഷേമ പെൻഷൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ വയോജനങ്ങള്‍ക്കുമാത്രമായി പ്രത്യേക വാർഡും ടെലി-മെഡിസിൻ സൗകര്യവും ഏർപ്പെടുത്തും. സാമ്ബത്തികമായി പിന്നാക്കംനില്‍ക്കുന്നവർക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്താൻ തദ്ദേശസ്ഥാപനങ്ങള്‍ ഗതാഗതസൗകര്യം നല്‍കണം. വയോജനങ്ങള്‍ക്ക് കാരുണ്യപൂർവമായ ജീവിതാന്ത്യ പരിചരണം ഉറപ്പാക്കാൻ സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും താലൂക്ക്-ജില്ലാ ആശുപത്രികളിലും അഭയകേന്ദ്രം തുടങ്ങും.

 

മുതിർന്നപൗരരുടെ സുരക്ഷ ഉറപ്പാക്കാൻ വീടുകള്‍ ജിയോ-ടാഗ് ചെയ്യും. പരിശീലനം നേടിയവരാണ് വയോജനങ്ങളെ പരിചരിക്കുന്നതെന്ന് ഉറപ്പാക്കും. കോളേജുകളില്‍ വയോജനസൗഹൃദ ക്ലബ്ബുകള്‍ രൂപവത്കരിക്കും. വിദ്യാർഥികള്‍ക്ക് വയോജനപരിപാലന പരിശീലനം നല്‍കി എൻഎസ്‌എസും എൻസിസിയും പോലുള്ള സർട്ടിഫിക്കറ്റ് ഏർപ്പെടുത്തും.

 

വയോജനങ്ങള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങളില്‍ കേസന്വേഷണവും വിചാരണവും നീതിയും വേഗത്തിലാക്കാൻ ഫാസ്റ്റ്-ട്രാക്ക് സംവിധാനം ഏർപ്പെടുത്തുമെന്നും കരടുനയത്തിലുണ്ട്.

 

ക്ഷേമം ഉറപ്പാക്കൻ ‘വയോജന കേഡർ’

 

വയോജനസംരക്ഷണ പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിക്കാൻ സാമൂഹികനീതി വകുപ്പ് പ്രത്യേക പ്രൊഫഷണല്‍ കേഡറും സംസ്ഥാന-ജില്ല-തദ്ദേശ തലങ്ങളില്‍ സന്നദ്ധ സാങ്കേതിക സേന(വൊളന്റിയർ ടെക്നിക്കല്‍ കോർ)യും രൂപവത്കരിക്കും.

 

സംസ്ഥാന ബജറ്റില്‍ അഞ്ചുശതമാനവും തദ്ദേശസ്ഥാപന ബജറ്റിന്റെ പത്തുശതമാനവും തുക വയോജനക്ഷേമത്തിനു വകയിരുത്തണം.

 

തൊഴിലും ഉറപ്പാക്കും

 

വയോജനങ്ങള്‍ക്കു യോജിച്ച തൊഴിലവസരത്തിന് സംസ്ഥാനതലത്തില്‍ നൈപുണി രജിസ്ട്രി തയ്യാറാക്കും. തൊഴിലുറപ്പ് പദ്ധതിയില്‍ മുൻഗണനനല്‍കി അനുയോജ്യമായ തൊഴില്‍ ലഭ്യമാക്കും. വൈദഗ്ധ്യമുള്ള വയോജനങ്ങള്‍ക്ക് സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് അവസരമൊരുക്കും.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.