സ്വർണവിലയിൽ രണ്ടാം ദിനവും വർധന : ഇന്ന് കൂടിയത് 360 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 360 രൂപ വർധിച്ച് 72,520 രൂപ നിരക്കിലാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 9065 ആയി. ഇന്നലെ ഒരു പവന് 72160 രൂപ നിരക്കിലായിരുന്നു സ്വർണ വ്യാപാരം നടന്നിരുന്നത്.
ഒരു ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് സ്വർണ വില 72,000 കടന്നത്. ജൂൺ 26ന് രേഖപ്പെടുത്തിയ 72560 രൂപയ്ക്ക് ശേഷം, പിന്നീടുള്ള നാല് ദിവസവും 71000ലായിരുന്നു സ്വർണ വില. കൂടാതെ 30ന് ജൂൺ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ വില എത്തി. ഇതോടെ സ്വർണ വില കുറയുമെന്ന് പ്രതീക്ഷിച്ചവർക്കിടയിലേക്കാണ് സ്വർണ വില കുതിച്ചത്.
രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 3200 ഡോളറിലേക്ക് വീഴുമെന്ന് പ്രതീക്ഷിച്ചെങ്കിലും 3320ന് മുകളിലേക്ക് കുതിക്കുകയാണ് ചെയ്തത്. ഇതാണ് കേരളത്തിലും സ്വർണ വില വർധനവിന് കാരണമായത്. യുഎസും ഇന്ത്യയും തമ്മിലുള്ള വാണിജ്യ ചർച്ചയിൽ വ്യക്തത വരാത്തതും വെല്ലുവിളിയാണ്.
ഡോളര്‍ മൂല്യം സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. ഇതോടെ യൂറോ, പൗണ്ട്, യെന്‍, യുവാന്‍ പോലുള്ള പ്രധാന കറന്‍സികളുടെ മൂല്യം കൂടുകയും അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങലുകള്‍ വര്‍ധിക്കുകയും ചെയ്തു. ഇത്തരത്തിൽ സ്വർണത്തിന് ആവശ്യക്കാർ ഏറിയതാണ് വില വർധവിന്റെ മറ്റൊരു കാരണം.