സ്വര്‍ണമാല പിടിച്ചുപറിച്ച് മുങ്ങിയ യുവാവ് പിടിയില്‍

ബത്തേരി : യുവതിയെ പിറകില്‍ നിന്ന് ചവിട്ടി വീഴ്ത്തി സ്വര്‍ണമാല പിടിച്ചു പറിച്ച് മുങ്ങിയ യുവാവ് പിടിയില്‍. ബത്തേരി ഫയര്‍ലാന്‍ഡ് കോളനി, അഞ്ജലി വീട്ടില്‍ അന്‍ഷാദ് (24) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. ഏപ്രില്‍ 30ന് വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. പഴയ അപ്പുകുട്ടന്‍ മെമ്മോറിയല്‍ ഹോസ്പിറ്റലിന് സമീപം ചുങ്കം മാര്‍ക്കറ്റ് റോഡില്‍ വെച്ചാണ് ആറ് ഗ്രാം സ്വര്‍ണമാലയും 0.5 ഗ്രാം വരുന്ന സ്വര്‍ണ ലോക്കറ്റും ഇയാള്‍ കവര്‍ന്നത്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലാകുന്നത്. കവര്‍ന്ന സ്വര്‍ണം വിറ്റ കടയില്‍ നിന്നും റിക്കവറി ചെയ്തിട്ടുണ്ട്. ബത്തേരി സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ഒ.കെ രാംദാസ്, എസ്.സി.പി.ഒ ടി.ആര്‍. രജീഷ്, സി.പി.ഒമാരായ പി.ബി. അജിത്ത് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.