സ്വര്‍ണ്ണവില വീണ്ടും മുകളിലേക്ക് : ഇന്ന് പവന് 320 രൂപ കൂടി

കൽപ്പറ്റ : സംസ്ഥാനത്ത് സ്വർണ വില വീണ്ടും മുകളിലേക്ക്. കഴിഞ്ഞ ദിവസത്തെ ഇടിവിന് ശേഷമാണ് ഇന്ന് വീണ്ടും വില വർധിച്ചിരിക്കുന്നത്. ഇന്നലെ 520 രൂപ കുറഞ്ഞ് 71,520 രൂപയായിരുന്നു വിപണി വില. ഇന്ന് പവന് 320 രൂപ വർധിച്ച് 71,840 രൂപയിലെത്തി. കഴിഞ്ഞ നാല് ദിവസങ്ങളായി മാറ്റമില്ലാതെ തുടർന്ന വിലയില്‍ ഇന്നലെയാണ് നേരിയ ഇടിവുണ്ടായത്. ഇതാണ് ഇന്ന് വീണ്ടും വർധിച്ചിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 40 രൂപ കൂടി വില 8980 രൂപയായി.
അക്ഷയ തൃതീയ അടുത്തിരിക്കുന്ന ഈ സാഹചര്യത്തില്‍ സ്വർണവില ഉയരുന്നത് സാധാരണക്കാരില്‍ ആശങ്ക ഉയർത്തുകയാണ്. ചരിത്രത്തില്‍ ആദ്യമായി ഏപ്രില്‍ 12നാണ് സ്വർണവില 70000 രൂപ കടക്കുന്നത്. പിന്നീട് ഇടയ്ക്കൊരു ഇടിവുണ്ടായെങ്കിലും അതിന് ശേഷം വില 70000ത്തില്‍ താഴ്ന്നിട്ടില്ല. ഏപ്രില്‍ 22നാണ് സംസ്ഥാനത്തെ സ്വർണ വില 74,000 രൂപ കടന്നത്. അന്ന് ഒരു പവന്റെ വില 74,320 രൂപയായിരുന്നു.
തുടർന്ന് അടുത്ത ദിവസം തന്നെ വിലയില്‍ വലിയ ഇടിവുണ്ടായി. അങ്ങനെ വില 72120 രൂപയില്‍ എത്തി. ഏപ്രില്‍ 24ന് വീണ്ടും വില ഇടിഞ്ഞു. അതിനു ശേഷം അടുത്ത നാല് ദിവസം, ഏപ്രില്‍ 27 വരെ ഇതേ വില തന്നെയാണ് തുടർന്നത്. പിന്നാലെ ഏപ്രില്‍ 28ന് വീണ്ടും കുറഞ്ഞ വിലയാണ് ഇന്ന് വർധിച്ചത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ. ഓരോ വർഷവും ടണ്‍ കണക്കിന് സ്വർണമാണ് ഇവിടേക്ക് ഇറക്കുമതി ചെയ്യുന്നത്. അതിനാല്‍ ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ മാറ്റങ്ങള്‍ പോലും രാജ്യത്തെ സ്വർണവിലയെ സ്വാധീനിക്കും. സ്വർണവില നിശ്ചയിക്കുന്നത് ഇറക്കുമതി തീരുവ, രൂപയുടെ മൂല്യം, ആവശ്യകത എന്നിവയെ അടിസ്ഥാനമാക്കിയാണ്.