April 27, 2025

സാധാരണക്കാർക്ക് ആശ്വാസം : വായ്‌പ, നിക്ഷേപ നിരക്കുകള്‍ കുറച്ച്‌ രാജ്യത്തെ പ്രമുഖ ബാങ്കുകള്‍

Share

 

ഡല്‍ഹി : റിപ്പോ നിരക്കില്‍ ആർബിഐ 50 ബേസിസ് പോയിന്റുകള്‍ കുറച്ചതിന് പിന്നാലെ രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ വായ്‌പ, നിക്ഷേപ നിരക്കുകള്‍ കുറച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്ക് നിക്ഷേപ പലിശ നിരക്കുകളില്‍ 25 ബേസിസ് പോയിന്റുകളാണ് കുറച്ചത്. ഒരു ബേസിസ് പോയിന്റ് ഒരു ശതമാനത്തിന്റെ നൂറിലൊന്ന് എന്ന ക്രമത്തിലാണ് കണക്കാക്കുക.

 

 

2025 ഏപ്രില്‍ 12 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍, 50 ലക്ഷത്തില്‍ താഴെ ബാലൻസുള്ള അക്കൗണ്ടുകളുടെ സേവിംഗ്‌സ് ഡെപ്പോസിറ്റിന് 2.75 ശതമാനവും 50 ലക്ഷത്തിന് മുകളിലുള്ള അക്കൗണ്ടുകളുടെ 3.25 ശതമാനവും ആയിരിക്കുമെന്ന് എച്ച്‌ഡിഎഫ്‌സി ബാങ്ക് പ്രഖ്യാപിച്ചു. ഏകദേശം മൂന്ന് വർഷത്തിന് ശേഷം ആദ്യമായാണ് പലിശ നിരക്കുകള്‍ മാറുന്നത്.

 

അന്ന് ഇതേ നിരക്കുകള്‍ യഥാക്രമം 3 ശതമാനവും 3.5 ശതമാനവും ആയിരുന്നു. അവിടെ നിന്നാണ് ആർബിഐ നിരക്ക് കുറയ്ക്കലിന്റെ ചുവടുപിടിച്ചുകൊണ്ട് പുതിയ മാറ്റം വന്നിരിക്കുന്നത്. മുതിർന്ന പൗരന്മാർക്കുള്ള എസ്‌ബി‌ഐ സ്ഥിര നിക്ഷേപ പലിശ നിരക്കുകളില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഒന്ന് മുതല്‍ മൂന്ന് വർഷം വരെ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കുകള്‍ ഇപ്പോള്‍ മൊത്തത്തില്‍ 20 ബേസിസ് പോയിന്റുകളായിരിക്കും.

 

2025 ഏപ്രില്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിരക്കുകള്‍ പ്രകാരം ഒന്ന് മുതല്‍ രണ്ട് വർഷം വരെ കാലാവധിയുള്ള എഫ്‌ഡികള്‍ക്ക് ഇപ്പോള്‍ 7.3 ശതമാനത്തില്‍ നിന്ന് 7.2 ശതമാനമായി പലിശ കുറയും. രണ്ട് മുതല്‍ മൂന്ന് വർഷം വരെ കാലാവധിയുള്ളവയ്ക്ക് ഇപ്പോള്‍ 7.5 ശതമാനത്തില്‍ നിന്ന് 7.4 ശതമാനം പലിശ ലഭിക്കും.

 

ബാങ്ക് ഓഫ് ഇന്ത്യ 3 കോടി രൂപയില്‍ താഴെയുള്ള എഫ്‌ഡിയുടെ പലിശ നിരക്കുകള്‍ കുറച്ചു, ഇപ്പോള്‍ 91 ദിവസം മുതല്‍ 179 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 4.25 ശതമാനമാണ് അവർ പലിശ നല്‍കുക. 180 ദിവസം മുതല്‍ ഒരു വർഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനം പലിശ നിരക്ക് നല്‍കുന്നു. ഒരു വർഷത്തേക്കുള്ള നിക്ഷേപങ്ങള്‍ക്ക് 7.05 ശതമാനം പലിശ നിരക്ക് ലഭിക്കും, 1 വർഷം മുതല്‍ 2 വർഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.75 ശതമാനവും പലിശ നിരക്ക് ലഭിക്കും.

 

ബാങ്കുകള്‍ വായ്‌പാ നിരക്കുകളും കുറച്ചു. എസ്ബിഐ, ബാങ്ക് ഓഫ് മഹാരാഷ്ട്ര തുടങ്ങിയ ബാങ്കുകളാണ് വായ്‌പാ നിരക്കുകള്‍ കുറച്ചത്. എസ്‌ബി‌ഐ റിപ്പോ നിരക്കുമായി ബന്ധപ്പെട്ട വായ്‌പാ നിരക്കുകള്‍ 25 ബേസിസ് പോയിന്റ് കുറച്ച്‌ 8.25 ശതമാനമായും ബാഹ്യ ബെഞ്ച്മാർക്ക് വായ്‌പാ നിരക്കുകള്‍ 8.65 ശതമാനമായും കുറച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്രയും ബാഹ്യ ബെഞ്ച്മാർക്ക് നിരക്കുകള്‍ 8.65 ശതമാനമായി കുറയ്ക്കുമെന്നും പ്രഖ്യാപിച്ചു.

 

 

അതേസമയം, വാണിജ്യ ബാങ്കുകള്‍ കേന്ദ്ര ബാങ്കില്‍ നിന്ന് വായ്‌പ എടുക്കുമ്ബോള്‍ ഈടാക്കുന്ന നിരക്കായ റിപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്റ് കുറവ് വരുത്തിയതായി ആർ‌ബി‌ഐ പ്രഖ്യാപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് നിക്ഷേപ, വായ്‌പ പലിശ നിരക്കുകളില്‍ കുറവ് വരുത്തിയത്. റിപ്പോ നിരക്ക് നിലവില്‍ 6 ശതമാനമായിരിക്കും.

 

പുതിയ തീരുമാനം ഹോം ലോണ്‍ ഉള്‍പ്പെടെ എടുത്ത സാധാരണക്കാർക്ക് വലിയ രീതിയില്‍ ഗുണകരമാവും. ഇഎംഐ ഉള്‍പ്പെടെയുള്ളവയില്‍ കാര്യമായ കുറവുണ്ടാവാനും സാധ്യതയുണ്ട്. എന്നാല്‍ നിക്ഷേപങ്ങള്‍ വരുമാനമായി കാണുന്നവർക്ക് ഈ നീക്കം തിരിച്ചടിയാണ്. നിക്ഷേപ പലിശ നിരക്കുകളില്‍ സാരമായ കുറവാണ് ബാങ്കുകള്‍ വരുത്തിയിരിക്കുന്നത്.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.