മാനന്തവാടി സ്വദേശിയായ യുവാവ് ചികിത്സാ സഹായം തേടുന്നു

മാനന്തവാടി : പഴയജീവിതം തിരിച്ചു കിട്ടാനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ കഴിയുകയാണ് മാനന്തവാടി ശാന്തിനഗറിലെ 37 കാരനായ പ്രവീൺ. കൂലിപ്പണിക്കു പോയി കുടുംബം പുലർത്തിയിരുന്ന പ്രവീണിന് എല്ലാവരെപ്പോലെയും സ്വപ്നങ്ങളുണ്ടായിരുന്നു. വാടകവീട്ടിൽ നിന്നുമാറി പ്രായമായ അമ്മയൊപ്പം അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങണം.
അഞ്ചുദിവസം മുമ്പുള്ള അപ്രതീക്ഷിത വീഴ്ച പ്രവീണിൻ്റെയും കുടുംബത്തിന്റേയും ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി. രക്തസമ്മർദം കൂടിതലയിലെ ഞരമ്പ് പൊട്ടിയാണ് പ്രവീൺ കുഴഞ്ഞുവീണത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ പ്രവീണിനു പഴയജീവിതം തിരിച്ചു കിട്ടൂ. പ്രവീണിന്റെ ചികിത്സയ്ക്കാവശ്യമായ ഭീമമായ പണം കണ്ടെത്താൻ കുടുംബത്തിനാവില്ല. അതിനാൽ സുമനസ്സുകളോട് സഹായം അഭ്യർഥിക്കുകയാണ് കുടുംബം. പത്തുലക്ഷത്തിലധികം രൂപ ശസ്ത്രക്രിയയ്ക്കും തുടർച്ചികിത്സയ്ക്കും ആവശ്യമാണ്.
മാനന്തവാടി ശാന്തിനഗർ പവിത്രം ക്വാർട്ടേഴ്സിലാണ് പ്രവീണും അമ്മയും താമസിക്കുന്നത്. ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നതിനു മാനന്തവാടി നഗരസഭാ കൗൺസിലർ പി. ഷംസുദ്ദീൻ ചെയർമാനും പി.വി. മഹേഷ് കൺവീനറുമായി ചികിത്സാ സഹായക്കമ്മിറ്റി രൂപവത്കരിച്ചു പ്രവർത്തനം തുടങ്ങി. മന്ത്രി ഒ.ആർ. കേളു, മാനന്തവാടി നഗരസഭാധ്യക്ഷ സി.കെ. രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി എന്നിവർ രക്ഷാധികാരികളാണ്.
ഇന്ത്യൻ ബാങ്ക് മാനന്തവാടിശാഖയിൽ 8010733120 നമ്പർ അക്കൗണ്ട് (ഐഎഫ്എസ്‌സി-IDIB000M391) നമ്പർ അക്കൗണ്ടു തുറന്നിട്ടുണ്ട്.
പ്രവീണിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനു എല്ലാവരും പറ്റാവുന്ന സഹായം നൽകണമെന്നു മാനന്തവാടി നഗരസഭാ പൊതുമരാമത്ത് സ്ഥിരംസമിതിയധ്യക്ഷൻ പി.വി. എസ്., മൂസ, ചികിത്സാ സഹായക്കമ്മിറ്റി ചെയർമാൻ പി. ഷംസുദ്ദീൻ, മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ. ഉസ്മാൻ, അയൽവാസികളായ എൻ. സുരേഷ്, എ. ശിഹാബ്, പി.വി. അജീഷ് എന്നിവർ പത്രസമ്മേള നത്തിൽ ആവശ്യപ്പെട്ടു.